കുവൈത്തില്‍ 3000 കുടുംബ വിസകൾ അനുവദിച്ചു
|നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നവംബർ 20 മുതലാണ് ഫാമിലി വിസകള്‍ നല്‍കാന്‍ ആരംഭിച്ചത്
കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിച്ചതിന് ശേഷം 3000 കുടുംബ വിസകൾ അനുവദിച്ചു. അപേക്ഷകരില്‍ കൂടുതലും അറബ് പൗരന്മാരാണെന്ന് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. കോവിഡിന് ശേഷം വിസ നല്‍കുന്നത് പുനരാരംഭിച്ചിരുന്നുവെങ്കിലും വിസ നടപടികള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ജൂണില്‍ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നവംബർ 20 മുതലാണ് വീണ്ടും ഫാമിലി വിസകള്‍ ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് മാത്രമാണ് വിസ നല്‍കുകയെന്ന് അധികൃതര്‍ വ്യകതമാക്കിയിരുന്നു. കുട്ടികളെ കൊണ്ടുവരുന്നതിനായി മാതാപിതാക്കള്‍ക്ക് സാധുവായ റസിഡന്‍സി ഉണ്ടായിരിക്കണം. അതോടൊപ്പം ശമ്പള പരിധി ഉള്‍പ്പെടെയുള്ള വ്യവസ്ഥകളും പാലിക്കണം. 5 വയസ്സിനു താഴെയുള്ള മക്കളുടെ വിസ അപേക്ഷയാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ ശമ്പള വ്യവസ്ഥയില്‍ ഇളവ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്ത ഘട്ടത്തില്‍ ഭാര്യ, മാതാപിതാക്കള്‍, അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ എന്നിവർക്കുള്ള ഫാമിലി വിസകള്‍ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എന്ന് നൽകിത്തുടങ്ങുമെന്ന് അധികൃതര്‍ ഇനിയും വ്യക്തമായിട്ടില്ല.