Kuwait
35 Indian health workers, including Malayalis released in Kuwait,
Kuwait

കുവൈത്തിൽ പിടിയിലായ മലയാളികൾ ഉൾപ്പെടെ 35 ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ മോചിതരായി

Web Desk
|
4 Oct 2023 6:17 PM GMT

സെപ്റ്റംബര്‍ 13ന് നടന്ന പരിശോധനയിലാണ് മലയാളി നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടിയത്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനത്തിന് പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള 35 ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ മോചിതരായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് മോചിതരായത്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്‌ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്‌.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ 21 ദിവസമായി പൊലീസ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സുമാര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 13ന് കുവൈത്ത് ആഭ്യന്തര, തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടിയത്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പൈന്‍സ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരും പിടിയിലായിരുന്നു.

പിടിയിലായവരില്‍ ചിലര്‍ ലൈസൻസും യഥാർഥ തൊഴിൽ വിസയുമില്ലാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെയും സര്‍ക്കാരിന്‍റെയും ഇടപെടലിനെ തുടര്‍ന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും ജയിലില്‍ മുലയൂട്ടാനും അധികൃതർ അനുമതി നല്‍കിയിരുന്നു. തങ്ങളുടെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഇന്ത്യന്‍ എംബസിക്കും കുവൈത്ത് ഭരണാധികാരികള്‍ക്കും സാമുഹ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവർത്തകർ നന്ദി പറഞ്ഞു.

Summary: 35 Indian health workers, including Malayalis, who were arrested for violating the law in Kuwait have been released

Similar Posts