Kuwait
47th Kuwait International Book Fair begins
Kuwait

47ാമത് കുവൈത്ത് ഇന്റർനാഷനൽ പുസ്തകമേളക്ക് തുടക്കം

Web Desk
|
21 Nov 2024 6:04 AM GMT

മിഷ്‌റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ നവംബർ 30 വരെയാണ് മേള

കുവൈത്ത് സിറ്റി: 47ാമത് കുവൈത്ത് ഇന്റർനാഷനൽ പുസ്തകമേളക്ക് തുടക്കം. മിഷ്‌റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക-യുവജനകാര്യ മന്ത്രി അബ്ദുൽറഹ്‌മാൻ അൽ മുതൈരി പ്രദർശനം ഉദ്ഘാടനം ചെയ്തു. മിഷ്‌റിഫിലെ 5, 6, 7 ഹാളുകളിലായാണ് മേള നടക്കുന്നത്. നവംബർ 30 വരെ മേള തുടരും.

ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 4.30 മുതൽ രാത്രി 10 വരെയായിരിക്കും സന്ദർശകർക്ക് പ്രവേശനം. വെള്ളിയാഴ്ച നാല് മണി മുതൽ 10 മണി വരെയും ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും സന്ദർശകരെ അനുവദിക്കും. ഉദ്ഘാടന ചടങ്ങിൽ ജോർദാനിയൻ സാംസ്‌കാരിക മന്ത്രി മുസ്തഫ അൽ റവാഷ്ദെ മുഖ്യാതിഥിയായിരുന്നു. കുവൈത്ത് പ്രധാനമന്ത്രിയുടെ രക്ഷാകർതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

രാജ്യത്തെ കലാ സാംസ്‌കാരിക രംഗത്തെ വലിയ മേളകളിലൊന്നാണ് പുസ്തകോത്സവം. 1975ലാണ് പുസ്തകമേള ആദ്യമായി ആരംഭിച്ചത്. കുവൈത്തിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഗവൺമെൻറ് സ്ഥാപനങ്ങളും പ്രസാധകരും മേളയിൽ പങ്കെടുക്കും. പാനൽ ഡിസ്‌കഷൻ, ശിൽപശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

മലയാള സാന്നിധ്യമായി കോഴിക്കോട് ഫാറൂഖ് കോളജ് മേളയിൽ പങ്കെടുക്കും. പ്രമുഖ കുവൈത്ത് എഴുത്തുകാരി ഡോ. സുആദ് സബാഹിന്റെ എട്ട് കവിത സമാഹാരങ്ങളുടെ വിവർത്തനങ്ങളുമായാണ് ഫാറൂഖ് കോളജ് എത്തുന്നത്. നാളെ വൈകീട്ട് ഏഴിന് കുവൈത്ത് ഇന്റർനാഷനൽ ബുക്ക് ഫെയറിലെ ദാർ സുഅദ് അൽ സബാഹ് പവിലിയനിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

Similar Posts