ഓരോ മാസവും 7,000 മുതൽ 8,000 വരെ അനധികൃത പ്രവാസികളെ നാടുകടത്തുന്നതായി കുവൈത്ത്
|പൊതുമാപ്പ് അവസാനിച്ചതിനു പിറകെ രാജ്യത്ത് ശക്തമായ പരിശോധന ആരംഭിച്ചിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം ഓരോ മാസവും നാട് കടത്തുന്നത് ആയിരങ്ങളെ. രാജ്യത്ത് ഓരോ മാസവും നിയമ വിരുദ്ധമായി താമസിക്കുന്ന 7,000 മുതൽ 8,000 വരെ അനധികൃത പ്രവാസികളെ നാടുകടത്തുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനധികൃത താമസക്കാർക്കെതിരായ സുരക്ഷാ കാമ്പയിനുകൾ തുടരുമെന്നും രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്ന എല്ലാ പ്രവാസികളെയും നാടുകടത്തുക എന്ന ലക്ഷ്യത്തോടെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ആഭ്യന്തര-പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹ് പറഞ്ഞു.
പൊതുമാപ്പ് അവസാനിച്ചതിനു പിറകെ രാജ്യത്ത് ശക്തമായ പരിശോധന ആരംഭിച്ചിരുന്നു. സന്ദർശക വിസയിൽ വന്ന് കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ച പ്രവാസി കുടുംബങ്ങളെ അവരുടെ സ്‌പോൺസർമാരോടൊപ്പം നാടുകടത്തിയതായി അധികൃതർ പറഞ്ഞു. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടിയിരുന്നു. ഇതിനകം താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും അവസരം നൽകിയിരുന്നു. സമയ പരിധി കഴിഞ്ഞതോടെ രാജ്യത്താകമാനം ശക്തമായി പരിശോധന നടന്നുവരികയാണ്. അനധികൃത താമസക്കാരെ പൂർണമായും നീക്കം ചെയ്യാനാണ് അഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.