കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഈടാക്കിയത് 74 മില്ല്യണ്‍ ദിനാര്‍
|ഡ്രൈവിംഗിന് ഇടയിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗവും വേഗ പരിധി ലംഘിക്കുന്നതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ട്രാഫിക് അധികൃതര്‍ പറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2022 ല്‍ മാത്രമായി ട്രാഫിക് നിയമ ലംഘകരില്‍ നിന്ന് 74 മില്ല്യണ്‍ ദിനാര്‍ പിഴ ഈടാക്കി. ഡ്രൈവിംഗിന് ഇടയിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗവും വേഗ പരിധി ലംഘിക്കുന്നതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ട്രാഫിക് അധികൃതര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് നടന്ന വാഹനാപകടങ്ങളുടെ കണക്കുള്ളത്. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേരുടെ ജീവന് നഷ്ടമായതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു.
മരിച്ചവരില്‍ മുപ്പത് ശതമാനത്തിലേറെ ചെറുപ്പക്കാരാണ്. 2022-ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 4,237,454 ട്രാഫിക് ലംഘനങ്ങളാണ്. വേഗപരിധി ലംഘിച്ച 2,653,005 കേസുകൾ രജിസ്റ്റർ ചെയ്തു. മറ്റു വകുപ്പുകളിലായി 236,294 ഗതാഗത ലംഘനങ്ങളും രേഖപ്പെടുത്തി. 5,076 കാറുകളും 798 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022-ൽ വാഹനാപകടങ്ങളുടെ തോത് കുറഞ്ഞ് 68,770 ആയി. 2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആയിരുന്നു. അതേസമയം, കുവൈത്തും യുഎഇയുമായി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള കരാര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് അറിയിച്ചു.