കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 784 പ്രവാസികൾ
|ഓരോ തടവുകാരന്‍റെയും ദൈനംദിന ചിലവുകള്‍ക്കായി ആഭ്യന്തര മന്ത്രാലയം പ്രതിദിനം 10 ദിനാറാണ് ചെലവഴിക്കുന്നത്
കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 784 പ്രവാസികള്‍. പത്ത് ദിനാറാണ് സർക്കാരിന് പ്രതിദിന ചെലവ്.. തടവുകാർക്ക് മാനുഷിക പരിഗണയും ആവശ്യമായ സേവനങ്ങളും ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു..
1,200 തടവുകാർക്ക് പരമാവധി ശേഷിയുള്ള കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 700 പുരുഷന്മാരെയും, 500 സ്ത്രീകളെയും പാര്‍പ്പിക്കുവാനുള്ള സൗകര്യമാണുള്ളത്.വിവിധ നിയമ ലംഘനങ്ങളില്‍ പിടികൂടിയവരെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നതിനാണ് നാട് കടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നത്. ഓരോ തടവുകാരന്‍റെയും ദൈനംദിന ചിലവുകള്‍ക്കായി ആഭ്യന്തര മന്ത്രാലയം പ്രതിദിനം 10 ദീനറാണ് ചെലവഴിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടികളുടെ പരിപാലനത്തിനായി ശരാശരി പ്രതിദിനം 15 ദിനാറും ചിലവാകുന്നുണ്ട്.
അതിനിടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന എല്ലാവരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.എന്നാല്‍ യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങളാണ് തടവുകാരുടെ മടക്ക യാത്ര വൈകിക്കുന്നത്. കുട്ടികള്‍ അടക്കമുള്ള മാതാപിതാക്കള്‍ ഒരുമിച്ച് യാത്ര ചെയ്യുവാന്‍ നിര്‍ബന്ധം പിടിക്കുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നതായി പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോര്‍ട്ട് ചെയ്തു.ഇത്തരം കേസുകളിൽ ചാരിറ്റി സംഘടനകളുടെയോ, കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെയാണ് ടിക്കറ്റുകൾ ക്രമീകരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.