കുവൈത്തില്‍ വേനൽക്കാല യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്
|ടിക്കറ്റ് റിസർവേഷനുകളിൽ 30 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ വേനൽക്കാല യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിക്കറ്റ് റിസർവേഷനുകളിൽ 30 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. പ്രാദേശിക പ്രതിസന്ധികൾ, പണപ്പെരുപ്പം, സാമ്പത്തിക വെല്ലുവിളികളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തെ തുടർന്ന് മേഖലയിലുണ്ടായ സംഘർഷ സാധ്യതയും യാത്രക്കാർക്കിടയിൽ ആശങ്ക വർധിപ്പിച്ചതായി ട്രാവൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
അതോടപ്പം പല രാജ്യങ്ങളിലേയും വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് യാത്രാ ചെലവുകൾ വർധിപ്പിക്കുകയും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ കുറയ്ക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഗവൺമെന്റ് ജീവനക്കാർക്കായി ഫിംഗർപ്രിന്റ് ഹാജർ സംവിധാനം കർശനമാക്കിയത് വാരാന്ത്യ ദിവസങ്ങളിലെ സ്വദേശികളുടെ യാത്രകളേയും സാരമായി ബാധിച്ചതായി പ്രാദേശിക ട്രാവൽ ഏജൻസികൾ പറഞ്ഞു.
ലബനൻ, ഈജിപ്ത്, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വൻ കുറവുണ്ട്.ഈ മേഖലയിൽ ഫ്ലൈറ്റുകളുടെ സർവീസുകൾ അധികരിച്ചതും ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായി. അടുത്ത ദിവസങ്ങളിൽ തുർക്കിയിലേക്കുള്ള വിമാന നിരക്ക് 100 ദിനാറിൽ താഴെ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ യാത്രക്കാർ കുറഞ്ഞതോടെ പല വിമാന കമ്പനികളും 30 മുതൽ 40 ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ചു.