കുവൈത്തിൽ അനധികൃത താമസക്കാരെയും ഗതാഗത നിയമലംഘകരെയും ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയിൻ തുടരുന്നു
|അഹമ്മദി ഗവര്ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 48 താമസ നിയമ ലംഘകരെ അറസ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു.
കുവൈത്തിൽ അനധികൃത താമസക്കാരെയും ഗതാഗത നിയമലംഘകരെയും ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയിൻ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയും പോലീസ് പരിശോധന സജീവമായിരുന്നു. കാമ്പയിൻ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
അഹമ്മദി ഗവര്ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 48 താമസ നിയമ ലംഘകരെ അറസ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. മെഹ്ബൂല, ജലീബ് അൽ ശുയൂഖ്, ഖെയ്താൻ , അർദിയ ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. അർദിയയിൽ ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ 600 നിയമലംഘനങ്ങൾ രേഖപ്പെടുത്തി . റെസിഡൻസി നിയമം ലംഘിച്ച 10 പേരെ കസ്റ്റഡിയിൽ എടുത്തു. 550 വാഹനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് "ബ്ലോക്ക്" ഏർപ്പെടുത്തി. ഡെലിവറി ബൈക്ക് യാത്രികരുടെ പേരിൽ 70 ഓളം കേസുകളും രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹെൽമെറ്റ് ധരിക്കാത്തതിനും ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കാത്തതിനും ആണ് ബൈക്ക് യാത്രക്കാർക്കെതിരെ നടപടിയെടുത്തത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിച്ച ആറ് പ്രായപൂർത്തിയാകാത്തവരെയും പോലീസ് അറസ്റ് ചെയ്തു . താമസനിയമലംഘകരെ പിടികൂടുക, വാഹനങ്ങളുടെയും ബൈക്കുകളുടെയും ഡ്രൈവർമാരെ അത് പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുക എന്നിവയാണ് സുരക്ഷാ കാമ്പയിനിലൂടെ ലക്‌ഷ്യം വെക്കുന്നത്. രാജ്യത്തെ ആറു ഗവര്ണറേറ്റുകളിലും കാമ്പയിന്റെ ഭാഗമായുള്ള പരിശോധന തുടരുന്നുണ്ടെന്നും . ചൂടും ഹ്യൂമിഡിറ്റിയുമുള്ള കാലാവസ്ഥയിൽ സുരക്ഷാ പരിശോധനക്കിറങ്ങുന്ന ഉദ്യോഗസ്ഥരുമായി ജനങ്ങൾ സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അഭ്യർത്ഥിച്ചു.