ബയോമെട്രിക് പൂർത്തിയാക്കാത്ത കുവൈത്തികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും; ശക്തമായ നടപടികളുമായി അധികൃതർ
|കുവൈത്ത് പൗരൻമാർക്ക് ബയോമെട്രിക് പൂർത്തീകരിക്കാനുള്ള അവാസാന തിയതി സെപ്തംബർ 30 ആണ്
കുവൈത്ത് സിറ്റി: ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ നടപടികൾ ശക്തമാക്കാനൊരുങ്ങി അധികൃതർ. കുവൈത്ത് പൗരൻമാർക്ക് ഈ മാസം 30 ആണ് ബയോമെട്രിക് പൂർത്തീകരിക്കാനുള്ള അവസാന തിയതി. ഇതിനകം ബയോമെട്രിക് പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ വരുത്തും. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള ശക്തമായ നടപടികളാണ് ഒരുങ്ങുന്നത്. ബയോമെട്രിക് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക.
1. മുന്നറിയിപ്പ് സന്ദേശമയക്കുക
ഫിംഗർ പ്രിന്റിങ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ എത്രയും പെട്ടെന്ന് ബയോമെട്രിക് ഫിഗർ പ്രിന്റിങ് നടപടികൾ പൂർത്തിയാക്കാൻ അറിയിപ്പ് നൽകുന്നതാണ് ആദ്യഘട്ടം. ഇത് ഈ ആഴ്ചയോടെ ആരംഭിക്കും.
2. ഓൺലൈൻ ട്രാൻസാക്ഷൻ നിർത്തലാക്കൽ
ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കുന്നതാണ് രണ്ടാം ഘട്ടം. അക്കൗണ്ട് ബാലൻസ് അറിയൽ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, പണമയക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. സെപ്തംബർ 30 മുതലാണ് ഈ ഘട്ടം ആരംഭിക്കുക.
3.ബാങ്ക് കാർഡുകൾ സസ്പെൻഡ് ചെയ്യൽ
ബാങ്കുമായി ബന്ധപ്പെട്ട് മുഴുവൻ കാർഡുകളുടെയും പ്രവർത്തനം ഈ ഘട്ടത്തിൽ നിർത്തലാക്കും. ഇത് ഒക്ടോബർ 31 ന് ആരംഭിക്കും.
4.ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ
ഫിഗർപ്രിന്റിങ് പൂർത്തീകരിക്കാത്ത പൗരന്മാരുടെ മുഴുവൻ അക്കൗണ്ടുകളും ഈ ഘട്ടത്തിൽ മരവിപ്പിക്കും. ഇതിൽ ബാങ്ക് ബാലൻസും ഉൾപ്പെടും. ഡിസംബർ ഒന്നിനാണ് ഈ ഘട്ടം ആരംഭിക്കുക.
നിയന്ത്രണം ബാങ്ക് ബാലൻസിൽ മാത്രം ഒതുങ്ങില്ലെന്നും ഉപഭോക്താവ് ഉപയോഗിക്കുന്ന എല്ലാ അക്കൗണ്ടുകളെയും ബാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഓഹരികൾ, ഫണ്ടുകൾ, പോർട്ഫോളിയോകൾ തുടങ്ങി ഗവർൺമെന്റു സ്വകാര്യസ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന മറ്റ് ആസ്തികളിലേക്കും ഇത് വ്യാപിക്കും. ഓഹരി വിൽപ്പന, റിയൽ എസ്റ്റേറ്റ്, മറ്റു വാണിജ്യ വിനിമയം എന്നിവ മരവിച്ച അക്കൗണ്ടിലേക്ക് മാറ്റും
ഇതുകൂടാതെ മരവിച്ച അക്കൗണ്ടുള്ള ഉപഭോക്താവിനുള്ള ഇൻസ്റ്റാൾമെന്റ് പെയ്മെന്റ് കൂടിശികകൾ ഈ അക്കൗണ്ടുകളിൽ നിന്ന് പിടിച്ച് ബന്ധപ്പെട്ടവർക്ക് നൽകും അത് സാമ്പത്തിക സ്ഥാപനങ്ങളായാലും ഗവൺമെന്റ് ഏജൻസികളായാലും ശരി.