Kuwait
ശൈഖ്  അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ച് അമീരി ഉത്തരവ്
Kuwait

ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ച് അമീരി ഉത്തരവ്

Web Desk
|
24 July 2022 7:51 PM GMT

പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നതിനാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കും എന്നാണ് സൂചന

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ പ്രധാനമന്ത്രി ആയി നിയമിച്ചുകൊണ്ട് അമീരി ഉത്തരവ്. കിരീടാവകാശി ശൈഖ് മിഷ് അൽ അഹ്‌മദ് അസ്സ്വബാഹ് ആണ് അമീർ നൽകിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിലവിലെ കാവൽ മന്ത്രിസഭയിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് ശൈഖ് അഹമ്മദ് നവാഫ്.

അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്റെ പുത്രൻ കൂടിയാണ് ഇദ്ദേഹം. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നതിനാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കും എന്നാണ് സൂചന. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നാമനിർദേശം ചെയ്യുക. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുൻപ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കേണ്ടതുണ്ട്. പാർലമെന്റ് അംഗങ്ങൾ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് രാജിവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് മൂന്നുമാസമായി രാജ്യത്തെ ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുതിയ പാർലിമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാൻ കഴിഞ്ഞമാസം അമീർ ആഹ്വാനം ചെയ്തിരുന്നു

Similar Posts