സയണിസ്റ്റ് നുണകൾ തുറന്നുകാട്ടാൻ അറബ് മാധ്യമങ്ങൾ മുന്നോട്ട് വരണമെന്ന് അറബ് മീഡിയ ഫോറം
|അന്വേഷണാത്മക പത്രപ്രവർത്തനത്തിന് മാധ്യമ പ്രവർത്തകർക്ക് സാധിക്കണമെന്ന് അറബ് മീഡിയ ഫോറം സെക്രട്ടറി ജനറൽ മദി അൽ ഖമീസ് പറഞ്ഞു
സയണിസ്റ്റ് നുണകൾ തുറന്നുകാട്ടാൻ അറബ് മാധ്യമങ്ങൾ മുന്നോട്ട് വരണമെന്ന് അറബ് മീഡിയ ഫോറം സെക്രട്ടറി ജനറൽ മദി അൽ ഖമീസ്. അറബ് മീഡിയ ലീഡേഴ്സ് ഫോറത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാസ്തവങ്ങൾ കോർത്ത് വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിച്ചാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്. ഇസ്രായേൽ താത്പര്യങ്ങൾക്കുവേണ്ടി സത്യത്തെ മൂടിവെക്കുന്നതിനു ബോധപൂർവമായ ശ്രമങ്ങളാണ് ആഗോള തലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ വാസ്തവങ്ങൾ ചേർത്തുവെച്ച് നേരവസ്ഥ തെളിച്ചുകാട്ടുന്ന വാർത്തകൾ കൊടുക്കുവാൻ അറബ് മാധ്യമ പ്രവർത്തകർ ബാധ്യസ്ഥരാണെന്ന് അൽ ഖമീസ് പറഞ്ഞു.
നേരുകൾ പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവർത്തനം തിരിച്ചുകൊണ്ടുവരുവാൻ മാധ്യമ പ്രവർത്തകർക്ക് സാധിക്കണം. സമ്മേളനത്തിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങൾ അറബ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന് സമർപ്പിക്കുമെന്നും മദി അൽ ഖമീസ് വ്യക്തമാക്കി.