ബാക്ക് ടു സ്‌കൂൾ; കുവൈത്തിലെ അറബിക് സ്‌കൂളുകളിൽ നാളെ അധ്യയന വർഷം ആരംഭിക്കും
|ആദ്യ ദിനം 70,000-ത്തിലധികം കുട്ടികളാണ് എലിമെന്ററി സ്‌കൂളുകളിൽ എത്തുക
കുവൈത്ത് സിറ്റി: വിദ്യാർഥികളെ സ്വീകരിക്കാനൊരുങ്ങി കുവൈത്തിലെ വിദ്യാലയങ്ങൾ. അറബിക് സ്‌കൂളുകളിൽ നാളെ അധ്യയന വർഷം ആരംഭിക്കും. സ്‌കൂളുകളിൽ ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആദ്യ ദിനം 70,000-ത്തിലധികം കുട്ടികളാണ് എലിമെന്ററി സ്‌കൂളുകളിൽ എത്തുക. ചൊവ്വാഴ്ചയോടെ മിഡിൽ സ്‌കൂളുകളിലും സെക്കൻഡറി സ്‌കൂളുകളിലുമായി നാല് ലക്ഷം വിദ്യാർഥികൾ എത്തുമെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികളെ സ്‌കൂളുകളിൽ സ്വീകരിക്കുന്നതിനായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
എലിമെന്ററി ക്ലാസ്സുകളിലെ അധ്യയനം ഒരു ദിവസം മുമ്പേ ആരംഭിക്കുന്നതിനാൽ കുട്ടികൾക്ക് സ്‌കൂൾ പരിസ്ഥിതിയുമായി കൂടുതൽ പരിചയപ്പെടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് പാഠപുസ്തക വിതരണം ആദ്യ ദിവസം തന്നെ ആരംഭിക്കുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി. മധ്യവേനൽ അവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നോടെ ഇന്ത്യൻ വിദ്യാലയങ്ങൾ അടക്കമുള്ള സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചിരുന്നു. അതിനിടെ സ്‌കൂൾ തുറക്കുന്നതിടെ ട്രാഫിക് കുരുക്ക് മുൻകൂട്ടി കണ്ട് വലിയ തയ്യാറെടുപ്പുകളാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പ്രധാന ഹൈവേകളിലും സ്‌കൂളുകൾക്ക് സമീപവും പട്രോളിംഗ് വാഹനങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിംഗ് വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ അഭ്യർഥിച്ചു.