പെരുന്നാൾ അവധി ആഘോഷിക്കാന്‍ കുവൈത്തിൽനിന്ന് വിദേശത്ത് പോകുന്നത് അരലക്ഷത്തിലേറെ പേർ
|442 രാജ്യാന്തര സർവീസുകളാണ് ഈദ് അവധി നാളുകളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്
കുവൈത്തിൽനിന്ന് പെരുന്നാൾ ആഘോഷത്തിനായി ഇക്കുറി വിദേശ രാജ്യങ്ങളിൽ പോകുന്നത് അരലക്ഷത്തിലേറെ പേർ. 442 രാജ്യാന്തര സർവീസുകളാണ് ഈദ് അവധി നാളുകളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
പെരുന്നാൾ അവധി ദിനങ്ങളിൽ ആകെ 877 യാത്രാവിമാന ഷെഡ്യൂളുകളും 73,000 യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്. തുർക്കി, മാലിദ്വീപ്, ജോർജിയ, ബോസ്നിയ, അസർബൈജാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേർ പോകാൻ താൽപര്യപ്പെടുന്നത്.
പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ യാത്രക്കൊരുങ്ങുന്ന വിദേശികളുടെ എണ്ണം കുറവാണ്. അവധിക്കാല യാത്രികരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതായി ട്രാവൽ ആൻഡ് ടൂറിസം യൂനിയൻ ഡയറക്ടർ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3,500ൽനിന്ന് 5,000 ആക്കി ഉയർത്തിയത് ആശ്വാസമാണ്. ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവീസ് നടത്താനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ഇത് ഇനിയും വർധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.