പ്രവാസിയുടെ ലഗേജിൽ കഞ്ചാവ് അയക്കാൻ ശ്രമം; ജയിലിൽ അകപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
|അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോരുകയായിരുന്ന മലയാളിക്കാണ് ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചതിയുടെ അനുഭവമുണ്ടായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ സുഹൃത്തിന്റെ ലഗേജില്‍ കഞ്ചാവ് അയക്കാന്‍ ശ്രമം. പ്രവാസി മലയാളി ജയിലിൽ അകപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇറച്ചി അടങ്ങിയ പെട്ടിയിലാണ് കഞ്ചാവ് അയക്കാന്‍ ശ്രമിച്ചത്. സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോരുകയായിരുന്ന പ്രവാസി മലയാളിക്കാണ് ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചതിയുടെ അനുഭവമുണ്ടായത്. ഭാരം തോന്നി പെട്ടി മാറ്റിയത് കൊണ്ട് മാത്രമാണ് പ്രവാസി രക്ഷപ്പെട്ടത്. നേരത്തെയും ഇതുപോലുള്ള നിരവധി സംഭവങ്ങൾ കുവൈത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. നാട്ടിൽ പോയി വരുന്നവർ മറ്റുള്ളവർ നൽകുന്ന പാർസലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
നിരോധിത വസ്തുക്കൾ അവയിൽ അടങ്ങിയിട്ടുണ്ടെങ്കിൽ കുരുക്കിലാകുന്നത് ഒന്നുമറിയാത്തവരാകും. വിമാനത്താവളത്തിലെ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയാൽ യാത്ര മുടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്യും. കുവൈത്തിൽ ലഹരികടത്ത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. പിടിയിലാകുന്നവർക്ക് കനത്ത ശിക്ഷയും ഉറപ്പാണ്.