ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി കുവൈത്തിലെ ബാങ്കുകള്‍
|റമദാനില്‍ ചാരിറ്റി സംഭാവനയെന്ന വ്യാജേന വ്യാജ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്
കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്കി കുവൈത്തിലെ ബാങ്കുകള്‍. റമദാനില്‍ ചാരിറ്റി സംഭാവനയെന്ന വ്യാജേന വ്യാജ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
പേയ്മെന്റ് ലിങ്കുകള്‍ ലഭിച്ചാല്‍ ആധികാരികത പരിശോധിച്ച് മാത്രമേ പണം ട്രാന്‍സ്ഫര്‍ ചെയ്യാവൂ. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യാപെടാമെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ദന് സര് അബ്ദുല്‍ മൊഹ്സെന്‍ അല്‍-നാസര്‍ പറഞ്ഞു.
'റമദാന് മാസം ആരംഭിച്ചതോടെ ചാരിറ്റിയുടെ പേരില്‍ സൈബര്‍ ഫിഷിംഗ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുകയാണ്. സ്കാം സന്ദേശങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം .വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ യാതൊരു കാരണവശാലും പങ്കുവെക്കരുത്. സംശയാസ്പദമായ മെയിലുകളിലോ ലിങ്കുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാന്‍ പാടില്ല. ഡെബിറ്റ്, ക്രെഡിറ്റ് തുടങ്ങിയ കാര്‍ഡുകളുടെ പിന് നമ്പറുകള്‍ പോലുള്ള രഹസ്യ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കരുതെന്നും ഇടപാടുകള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ലോഗ് ഔട്ട് ചെയ്യണമെന്നും' അദ്ദേഹം പറഞ്ഞു.
ഒരു ധനകാര്യ സ്ഥാപനവും ഉപഭോക്താക്കളോട് വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടില്ല. അതോടപ്പം ഫോണിലെ ആപ്ലിക്കേഷനുകളും , ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള് ചെയ്യണമെന്നും അല്‍-നാസര്‍ അഭ്യര്‍ഥിച്ചു.