കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പാ ബാങ്കുകൾ പുനരാരംഭിക്കുന്നു
|തിരിച്ചടവ് കാലാവധി 8 വർഷമായി ഉയർത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പാ ബാങ്കുകൾ പുനരാരംഭിക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലോൺ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ബാങ്കുകൾ ഉദാരമാക്കി. ശമ്പളത്തിന്റെ 20 മടങ്ങ് വരെ ലോൺ അനുവദിക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചടവ് കാലാവധി 8 വർഷമായി ഉയർത്തി.
കുറഞ്ഞ പലിശയില്‍ വളരെ ഉദാരമായാണ് കുവൈത്തിലെ ബാങ്കുകള്‍ വായ്പവിദേശികള്ക്ക് വ്യക്തിഗത ലോണുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ ബാങ്കുകള്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് ലോണുകള്‍ അനുവദിച്ചിരുന്നില്ല. വായ്പ ലഭിക്കുന്നതിനുള്ള മിനിമം ശമ്പളം നേരത്തെയുണ്ടായിരുന്ന 500 ദിനാറിൽ നിന്ന് 300 ദിനാറായും ജോലി കാലയളവ് ഒരു വർഷത്തിന് പകരം 4 മാസമായും കുറച്ചതായി പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
ലോണ്‍ അപേക്ഷകരുടെ ശമ്പളവും അപേക്ഷകന്റെ മുന്‍കാല ഇടപാടുകളും വായ്പ അനുവദിക്കുന്നതില്‍ പരിഗണിക്കും. പരമാവധി 70,000 ദിനാർ വരെ വിദേശികള്‍ക്ക് ലോണ്‍ അനുവദിക്കും. വായ്പ തിരിച്ചടവ് കാലാവധിയും 8 വർഷമായി ഉയർത്തിയിട്ടുണ്ട്. ലോൺ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഉദാരമക്കിയതോടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് വായ്പക്ക് അപേക്ഷിക്കുവാന്‍ കഴിയും. സെന്‍ട്രല്‍ ബാങ്കിന്റെ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമാണ് വിദേശികള്‍ക്ക് നേരത്തെ വായ്പകള്‍ നല്‍കിയിരുന്നത്. അതിനിടെ ലോണ്‍ അപേക്ഷകരുടെ തൊഴില്‍ സ്ഥാപനം കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കണം തുടങ്ങിയ നേരത്തെയുള്ള വ്യവസ്ഥകൾ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.