ബലി പെരുന്നാൾ ആഘോഷിച്ച് കുവൈത്തിലെ വിശ്വാസികൾ
|കുവൈത്തിലെ ദുരന്തപശ്ചാത്തലത്തിൽ ആഘോഷമില്ലാതെയാണ് ഈ പ്രാവശ്യത്തെ പെരുന്നാൾ വിശ്വാസികൾ കൊണ്ടാടിയത്
കുവൈത്ത് സിറ്റി: ബലി പെരുന്നാൾ ആഘോഷിച്ച് കുവൈത്തിലെ വിശ്വാസികൾ. രാജ്യത്തിൻറെ വിവിധയിടങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. കുവൈത്തിലെ ദുരന്തപശ്ചാത്തലത്തിൽ ആഘോഷമില്ലാതെയാണ് ഈ പ്രാവശ്യത്തെ പെരുന്നാൾ വിശ്വാസികൾ കൊണ്ടാടിയത്. ത്യാഗപൂർണമായ ജീവിതത്തിലൂടെ വിശ്വാസത്തിന്റെ തീവ്രത തെളിയിച്ച പ്രവാചകൻ ഇബ്രാഹിമിന്റെ പാത പിന്തുടരാൻ ഖുതുബയിൽ പ്രഭാഷകർ ആഹ്വാനം ചെയ്തു.
മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ വേദനയിലാണ് കുവൈത്ത് പെരുന്നാളിനെ വരവേറ്റത്. തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടിയും ഫലസ്തീന് വേണ്ടിയും പ്രാർത്ഥനകൾ നടന്നു. ആറു ഗവർണറേറ്റുകളിലായി തിരഞ്ഞെടുക്കപ്പെട്ട പള്ളികളിലും 54 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്‌കാരം നടന്നത്. കാലത്ത് 5.03 നായിരുന്നു നമസ്‌കാരം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ കേന്ദ്രത്തിലും പ്രാർത്ഥനക്കായി എത്തിയത്. പെരുന്നാൾ ഖുതുബക്ക് ശേഷം ആളുകൾ പരസ്പരം സ്‌നേഹം പങ്കിട്ടു.കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യൻ ഇസ്ലാഹി സെൻറർ, കേരള ഇസ്ലാഹീ സെൻർ തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ദുരന്തപശ്ചാത്തലത്തിൽ മലയാളി സംഘടനകൾ ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു. പെരുന്നാൾ ദിനത്തിൽ രാജ്യത്തെ കബർസ്ഥാനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ഉറ്റവരുടെ കബർ സന്ദർശനത്തിനായി പലരും അങ്ങോട്ട് നീങ്ങി. മൃഗങ്ങളെ ബലിയറുക്കുന്ന കർമത്തിലും പലരും പങ്കാളികളായി. സ്വദേശികൾക്കും പ്രവാസികൾക്കും കഴിഞ്ഞ ദിവസം അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹ് ബലിപെരുന്നാൾ ആശംസകൾ നേർന്നിരുന്നു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും സ്വദേശികൾക്കും വിദേശികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു.