വ്യാജ വെബ്സൈറ്റുകൾ വഴി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
|ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ പേരിലാണ് പിഷിംഗ് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്
വ്യാജ വെബ്സൈറ്റുകൾ വഴി പണവും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുടേത് ഉൾപ്പെടെ വ്യാജ വെബ്‌സൈറ്റുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് .
ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ പേരിലാണ് പിഷിംഗ് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്. എസ്.എം.എസ്/വാട്‌സാപ് ലിങ്ക് വഴി വിവരങ്ങൾ തേടുന്നതാണ് മിക്ക സൈറ്റുകളുടെയും പ്രവർത്തനരീതി. ഷോപ്പിങ് വെബ്‌സൈറ്റുകൾ വ്യാജമായി സൃഷ്ടിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽവെച്ചാണ് പല വെബ്സൈറ്റുകളും ഓപ്പറേറ്റ് ചെയ്യുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ പേരിൽ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടു വരുന്ന ലിങ്കുകളോട് പ്രതികരിക്കരുതെന്നും ഫോൺ കോളുകൾക്ക് പ്രതികരിച്ച് നിർണായക വിവരങ്ങൾ നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൊതു വൈഫൈ കണക്ഷൻ ഉപയോഗിച്ച് പണമിടപാട് നടത്തരുത്, അറിയപ്പെടാത്തെ വെബ്‌സൈറ്റുകൾക്ക് വൻതുക അയക്കരുത്, വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം, സംശയം തോന്നുന്ന രീതിയിൽ അതിശയിപ്പിക്കുന്ന ഓഫറുകളുമായി എത്തുന്ന സൈറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്നത്.