കുവൈത്തിലെ പ്രവേശന കവാടങ്ങളിൽ ബയോമെട്രിക് വഴി സുരക്ഷ ശക്തമാക്കും
|കുവൈത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിയമലംഘകർ രാജ്യത്ത് പ്രവേശിക്കുന്നത് ടയാനാകുമെന്ന് എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ബദർ അൽ-ഷായ അറിയിച്ചു.
രാജ്യത്തേക്ക് പ്രവേശിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശക വിസക്കാർക്കും ബയോമെട്രിക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. രാജ്യത്തേക്കു പ്രവേശിക്കുന്നവരുടെ നേത്ര അടയാളം പകർത്തി വ്യക്തിഗത വിവരങ്ങൾ ചേർത്ത് സൂക്ഷിക്കും.
രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇതിനാവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി അൽ-ഷായ പറഞ്ഞു. ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ രാജ്യത്ത് പ്രവേശന നിരോധനം ഏർപ്പെടുത്തി നാടു കടത്തിയവർ തിരിച്ചെത്തുന്നത് തടയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓപ്പൺ സ്‌കൈ നയത്തിന് അനുയോജ്യമായ രീതിയിലാണ് വിമാനത്താവളത്തിൽ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോട് കൂടി നിലവിലെ സൗകര്യങ്ങൾ ഇരട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് സിവിൽ ഐ.ഡി കാർഡിന് പകരമായി കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും അൽ-ഷായ കൂട്ടിച്ചേർത്തു.