Kuwait
കുവൈത്തിൽ വാഹന വിൽപനയിൽ പണമിടപാടുകൾ നിരോധിച്ചു
Kuwait

കുവൈത്തിൽ വാഹന വിൽപനയിൽ പണമിടപാടുകൾ നിരോധിച്ചു

Web Desk
|
22 Oct 2024 1:02 PM GMT

കാർ ലേലം, കാർ സ്‌ക്രാപ്പ് വിൽപ്പന എന്നിവയിലും നിയന്ത്രണം ബാധകമാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന ഇടപാടുകളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നു. ഉപയോഗിച്ച കാറുകളുടെയും സ്‌ക്രാപ്പ് കാറുകളുടെയും വിൽപ്പന ബാങ്കിംഗ് ചാനലുകൾ വഴി മാത്രമായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് നേരിട്ട് പണം നൽകി കാറുകൾ വാങ്ങുവാൻ കഴിയില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയൽ, സാമ്പത്തിക കൈമാറ്റ നിരീക്ഷണം എന്നിവയുടെ ഭാഗമായാണ് നടപടി. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും സോർസുകൾ പരിശോധിക്കാനും അധികാരികൾക്ക് കഴിയും.

വാഹന വിൽപനയിലെ പണമിടപാടുകൾ ഒക്ടോബർ 14 മുതൽ നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ തീരുമാനം പുറപ്പെടുവിച്ചിരുന്നു. ലൈറ്റ് ഹെവി വാഹനങ്ങളുടെ വിൽപ്പനയിലും ഏജന്റ് സെയിലിലും പുതിയ നിയന്ത്രണം ബാധകമാവും.

നേരത്തെയുള്ള നിയന്ത്രണങ്ങളെ കൂടാതെ മോട്ടോർ വാഹനങ്ങൾ വാങ്ങലും വിൽക്കലും, പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ മൊത്ത ചില്ലറ വ്യാപാരം, കാർ ലേലം, സ്‌ക്രാപ്പ് കാർ വിൽപ്പന, എന്നീ മേഖലകളിലും നിയന്ത്രണം ബാധകമാണ്. നേരത്തെ ഒക്ടോബർ ഒന്നു മുതൽ മൊത്ത-ചില്ലറ കമ്മീഷൻ അടക്കമുള്ള എല്ലാ വാഹന വിൽപ്പനയിലും വ്യക്തികളും കമ്പനിയും പണമിടപാടുകൾ നടത്തുന്നത് നിരോധിച്ചിരുന്നു.

Similar Posts