Kuwait
കുവൈത്തിൽ മഴ കനക്കാൻ സാധ്യത;   ജാഗ്രത നിർദ്ദേശം നൽകി
Kuwait

കുവൈത്തിൽ മഴ കനക്കാൻ സാധ്യത; ജാഗ്രത നിർദ്ദേശം നൽകി

Web Desk
|
4 Dec 2022 3:18 PM GMT

കുവൈത്തിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ പെയ്യുന്ന മഴ ചൊവ്വാഴ്ചയോടെ ശക്തമാകുമെന്നാണ് പ്രവചനം. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

രാജ്യം തണുപ്പ് സീസണിലേക്ക് പ്രവേശിക്കുന്നതോടെ വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ ബദർ അൽ അമീറ പറഞ്ഞു. ജഹ്‌റ ഉൾപ്പടെ രാജ്യത്തെ തെക്കൻ മേഖലയിൽ മഴ കൂടുതലായി അനുഭവപ്പെടും. ഈ ദിവസങ്ങളിൽ രാജ്യത്ത് 22 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. രാജ്യത്ത് രൂപപ്പെട്ട സുഡാനീസ് ന്യൂന മർദ്ദത്തിന്റെ ഫലമായാണ് ശക്തമായി മഴ പെയ്യുക.

തുടർന്നുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ബദർ അൽ അമീറ അറിയിച്ചു. രാത്രിയിൽ താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഉച്ചസമയങ്ങളിൽ 15 മുതൽ 20 ഡിഗ്രി സെൽഷ്യസിൽ ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 35 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റ് വീശും. മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തിൽ വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്‌ലൈൻ നമ്പരിൽ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Similar Posts