ലൈസൻസ് പുതുക്കാൻ കമ്പനികൾ 'യഥാർത്ഥ ഗുണഭോക്താവിനെ' വെളിപ്പെടുത്തണം: കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം
|കുവൈത്തികളല്ലാത്ത കമ്പനി ഉടമകളുടെ പേര്, സിവിൽ ഐഡി നമ്പർ, ഇമെയിൽ, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയവയാണ് നൽകേണ്ടത്
കുവൈത്ത് സിറ്റി: ലൈസൻസ് പുതുക്കാനായി എല്ലാ കമ്പനികളും 'യഥാർത്ഥ ഗുണഭോക്താവിനെ' വെളിപ്പെടുത്തണമെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. സാമ്പത്തികമായ ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹാർസ് പറഞ്ഞു. ഇതോടെ ഗവൺമെൻറ് ഏജൻസികൾക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനി ഉടമകളായ കുവൈത്തികളല്ലാത്തവരുടെ പേര്, സിവിൽ ഐഡി നമ്പർ, ഇമെയിൽ, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. വാണിജ്യ മന്ത്രാലയത്തിന്റെ കൊമേഴ്സ്യൽ രജിസ്ട്രി പോർട്ടലിലൂടെ കമ്പനികൾ ലൈസൻസ് പുതുക്കുമ്പോഴാണ് വിവരങ്ങൾ നൽകേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾക്കും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കുമാണ് പുതിയ നിർദേശം ബാധകം.