കുവൈത്ത് കെ.എം.സി.സിയില്‍ ഒത്തുതീർപ്പ് നീക്കങ്ങൾ ഫലംകണ്ടില്ല
|പിഎംഎ സലാം അടക്കമുള്ള സംസ്ഥാന നേതാക്കൾ നാട്ടിലേക്ക് മടങ്ങി
കുവൈത്ത് സിറ്റി: ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ കുവൈത്ത് കെ.എം.സി.സിയിൽ ഒത്തുതീർപ്പ് നീക്കങ്ങൾ ഫലംകണ്ടില്ല. മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടും ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി പ്രശ്‌നം ചർച്ച ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വരെ കൈയ്യേറ്റത്തിന് ഇരയായതിൻറെ നാണക്കേടിലാണ് കെഎംസിസിയും മുസ്ലിം ലീഗും.
ഇന്നലെ രാത്രിയാണ് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ പ്രവർത്തകർ ഏറ്റുമുട്ടിയത്. പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, അബ്ദുറഹ്‌മാൻ രണ്ടത്താണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. ഈ നേതാക്കൾക്കുനേരെയും കൈയ്യേറ്റമുണ്ടായി.
പ്രശ്‌ന പരിഗഹാരത്തിന് ഇരു വിഭാഗങ്ങളുമായും മണിക്കൂറുകളായി ചർച്ചകൾ നടക്കുകയാണ്. കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിലേക്ക് നിയമവിരുദ്ധമായി കടന്നുവന്ന ഇതര ജില്ലക്കാരായ കെഎംസിസി ജനറൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നാണ് പ്രസിഡൻറ് പക്ഷത്തിന്റെ ആവശ്യം. വർഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് സെക്രട്ടറി പക്ഷം പറയുന്നു. യോഗം അലങ്കോലമാക്കിയവർക്കെതിരെ നടപടിയെടുക്കമെന്ന് പിഎംഎ സലാം ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രശ്‌നം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനത്തിന് വിടാനാണ് ആലോചന.
ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതിനാൽ നാട്ടിൽനിന്ന് വന്ന നേതാക്കളും വെട്ടിലായി. ഇന്ന് വൈകീട്ട് പിഎംഎ സലാം അടക്കമുള്ള സംസ്ഥാന നേതാക്കൾ നാട്ടിലേക്ക് മടങ്ങി. പ്രശ്നപരിഹാരമായില്ലെങ്കിൽ വലിയ പ്രതിസന്ധിയായിരിക്കും കുവൈത്ത് കെ.എം.സി.സി നേരിടുക.