കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹം തുടരുന്നു
|നിരവധി രാജ്യനേതാക്കൾ ഇന്ന് കുവൈത്തിലെത്തി രാജകുടുംബത്തെ അനുശോചനമറിയിച്ചു.
കുവൈത്ത് സിറ്റി: അമീറിന്റെ മരണത്തിൽ ലോകരാജ്യങ്ങളുടെയും നേതാക്കളുടെയും അനുശോചനപ്രവാഹം തുടരുന്നു. നിരവധി രാജ്യ നേതാക്കൾ കുവൈത്തിലെത്തി അനുശോചനമറിയിച്ചു. ബയാൻ പാലസിൽ അനുശോചനത്തിന് എത്തിയ സ്വദേശികളും വിദേശികളെയും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹും രാജകുടുംബാംഗങ്ങളും സ്വീകരിച്ചു.
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രതിനിധി സംഘവും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിനെയും രാജകുടുംബത്തെയും അനുശോചനം അറിയിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘം, യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരാണ് നേരിട്ട് അനുശോചനം അറിയിക്കുവാൻ ഇന്ന് കുവൈത്തിലെത്തിയത്.
രാഷ്ട്രത്തലവൻമാരെ അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല മുബാറക് അസ്സബാഹ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഖത്തർ അമീർ ശൈഖ് തമീം, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖി പ്രസിഡന്റ് മുഹമ്മദ് ഷിയ അൽ സുദാനി എന്നിവരും നേരത്തെ കുവൈത്തിലെത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സൂക് യോൽ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവർ ശൈഖ് നവാഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിന് സന്ദേശമയച്ചു. അനുശോചനത്തിനും ആത്മാർഥമായ വാക്കുകൾക്കും കുവൈത്ത് അമീർ രാഷ്ട്രത്തലവൻമാർക്ക് നന്ദി അറിയിച്ചു.