കുവൈത്തിലെ തുടരെയുള്ള അസ്ഥിര കാലാവസ്ഥ: മുന്നറിയിപ്പ് നല്‍കി അധികൃതര്‍
|രാജ്യത്ത് പരക്കെ പെയ്യുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ തുടരെയുള്ള അസ്ഥിര കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. അടുത്ത ദിവസവും മഴ തുടരുമെന്നും തണുപ്പ് കൂടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പരക്കെ പെയ്യുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതിര്‍ത്തി പ്രദേശമായ സാല്‍മിയില്‍ ശക്തമായ മഴ രേഖപ്പെടുത്തി. രാത്രി സമയങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ പെയ്യുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശൈത്യമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
മഴയായതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ട് കാരണം റോഡുകളില്‍ ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചില അണ്ടര്‍ പാസ് വേകളും അടച്ചു. കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്‍റെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.