കരിപ്പൂരിലെ നിയന്ത്രണം; കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നേരത്തെയാക്കും
|കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങിന്റെ ഭാഗമായി പകൽ 10 മുതൽ വൈകിട്ട് ആറു വരെയാണ് വിമാന സർവീസിന് നിയന്ത്രണമേർപ്പെടുത്തിയത്
കുവൈത്ത് സിറ്റി: കരിപ്പൂർ വിമാനത്താവളത്തിലെ നിയന്ത്രണങ്ങളെ തുടർന്ന് വിമാനങ്ങളുടെ സമയം പുനക്രമീകരിച്ചു. കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നേരത്തെയാക്കും. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങിന്റെ ഭാഗമായി പകൽ 10 മുതൽ വൈകിട്ട് ആറു വരെയാണ് വിമാന സർവീസിന് നിയന്ത്രണമേർപ്പെടുത്തിയത്. പുതിയ ഷെഡ്യൂള്‍ പ്രകാരം കോഴിക്കോട് നിന്ന് പുറപ്പെടുന്ന എയർഇന്ത്യ എക്സ്പ്രസ്സ് ആഴ്ചയിൽ മൂന്നു ദിവസം രാവിലെ 9.50നും നാല് ദിവസം രാവിലെ 8.10നും പുറപ്പെടും.
കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്ക് രാവിലെ 11.50 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പതിനാറാം തീയതി അരമണിക്കൂർ നേരത്തേ 11.20 ന് പുറപ്പെടും. ഈ വിമാനത്തിൽ യാത്രചെയ്യുന്നവർ രാവിലെ 8.20നകം വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനം വൈകിട്ട് 6.45 ന് കോഴിക്കോട് എത്തും. ഈ സമയം അടുത്തദിവസങ്ങളിലും തുടരുമോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പകല്‍ കുവൈത്തിലേക്കും നാട്ടിലേക്കും കൂടുതൽ വിമാന സർവീസുകളില്ലാത്തതിനാൽ സമയമാറ്റം മറ്റു സർവീസുകളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പ്രതീക്ഷ.