കുവൈത്തിൽ മേയ് ഒന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കും
|രാജ്യത്തെത്തുന്ന വാക്‌സിൻ എടുത്തവരും അല്ലാത്തവരുമായ മുഴുവൻ യാത്രക്കാരെയും പിസിആർ പരിശോധന നിബന്ധനയിൽനിന്നു ഒഴിവാക്കി
കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ഒഴിവാക്കുന്നതിന്റെ അവസാന ഘട്ടം പ്രഖ്യാപിച്ചു. മാസ്‌ക് ഉപയോഗം ഉൾപ്പെടെ ഏതാണ്ട് മുഴുവൻ നിയന്ത്രണങ്ങളും മേയ് ഒന്നു മുതൽ ഇല്ലാതാകും. രാജ്യത്തെത്തുന്ന വാക്‌സിൻ എടുത്തവരും അല്ലാത്തവരുമായ മുഴുവൻ യാത്രക്കാരെയും പിസിആർ പരിശോധന നിബന്ധനയിൽനിന്നു ഒഴിവാക്കി.
ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി താരിഖ് അൽ മസ്‌റാം വാർത്താസമ്മേളനത്തിലാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ചത് രാജ്യത്തെ പകർച്ചവ്യാധി സാഹചര്യവും സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക് നയിച്ച വാക്‌സിനേഷൻ പ്രവർത്തനങ്ങളുടെയും വെളിച്ചത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം. ഇതനുസരിച്ചു മേയ് ഒന്ന് മുതൽ വാക്‌സിനെടുത്തവർക്കും ഇല്ലാത്തവർക്കും ക്വാറന്റൈൻ, പിസിആർ നിബന്ധന ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും കായിക മത്സര വേദികളും ഹാജരാകുന്നതിനു ഏർപ്പെടുത്തിയ പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധനയും അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർക്കും അല്ലാത്തവർക്കും പിസിആർ പരിശോധന കൂടാതെ ഇൻഡോർ പൊതു പരിപാടികളിൽ പങ്കെടുക്കാം. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ ക്വാറന്റൈൻ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രധാന ഇളവ്. എന്നാൽ ഇവർ 14 ദിവസം മാസ്‌ക് ധരിക്കണം. കോവിഡ് രോഗികൾ രോഗം സ്ഥിരീകരിച്ചതുമുതൽ അഞ്ചു ദിവസം മാസ്‌ക് ധരിക്കുകയും ഗാർഹിക നിരീക്ഷണത്തിൽ കഴിയുകയും വേണം. ശ്ലോനിക് ആപ്ലിക്കേഷൻ ഉപയോഗം കോവിഡ് ബാധിതരുടെ ഫോളോഅപ്പിന് മാത്രമായി പരിമിതപ്പെടുത്തി. അതെ സമയം പള്ളികളിൽ എത്തുന്നവർ മാസ്‌ക് ഉൾപ്പെടെയുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Covid restrictions will be completely lifted in Kuwait from May 1