എനിഡെസ്‌ക് ആപ്പ് വഴി സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
|സൈബർ കുറ്റകൃത്യങ്ങളിൽ ഈ വർഷം കുവൈത്തിൽ ലഭിച്ചത് 4,000 ഓളം പരാതികളെന്ന് അധികൃതര്‍
കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ ഇടപാട് റിമോട്ട് ആപ്പുകള്‍ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സൈബർ കുറ്റകൃത്യങ്ങളിൽ ഈ വർഷം കുവൈത്തിൽ ലഭിച്ചത് 4,000 ഓളം പരാതികളെന്ന് അധികൃതര്‍.
എനിഡെസ്‌ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആപ്പ് ഉപയോഗിച്ച് നിരവധി വഞ്ചനകളും മോഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിതിനെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഉപയോക്താവില്‍ നിന്ന് വേണ്ടത്ര പെര്‍മിഷന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ എനിഡെസ്‌ക് സ്വകാര്യ ഡേറ്റയിലേക്കു കടന്നു കയറി യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (UPI) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ പണം കവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിൽ അടുത്തിടെയായി ഇത്തരത്തിലുള്ള നൂറുക്കണക്കിന് പരാതികളാണ് ലഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. തുടക്കത്തില്‍ ഫോണ്‍ വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ എനിഡെസ്‌ക് ഡൗൺലോഡ് ചെയ്യുവാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ അപഹരിക്കുകയുമാണ് ചെയ്യുന്നത്. അതിനിടെ സംശയാസ്പദമായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഒടിപി സന്ദേശങ്ങൾ, സ്വകാര്യ ബാങ്ക് വിവരങ്ങൾ പങ്കിടരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.