രണ്ട് വർഷത്തെ ആശുപത്രിവാസത്തിന് വിരാമം; അവശതകൾക്കിടയിലും സ്വപ്‌നങ്ങളും പേറി റഹീം നാട്ടിലേക്ക് പറന്നു
|രണ്ട് വർഷം മുമ്പ് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് വരാനിരിക്കെയാണ് വാഹനപകടത്തിൽപ്പെട്ട് റഹീമിന് ഗുരുതരമായി പരിക്കേറ്റത്
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി പ്രവാസികളുടെ കാരുണ്യത്തിന്റെ കരങ്ങൾ ഒരുമിച്ചു. രണ്ടു വർഷത്തെ ആശുപത്രി ജീവിതത്തിനൊടുവിൽ സ്വപ്നങ്ങളും പ്രതീക്ഷകളുമായി റഹീം നാട്ടിലേക്ക് പറന്നു. ഇന്ന് ഉച്ചക്ക് കുവൈത്തിൽ നിന്നും പുറപ്പെട്ട എയർഇന്ത്യ എകസ്പ്രസിലാണ് റഹീം നാട്ടിലേക്ക് മടങ്ങിയത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വാഹനപകടത്തിൽപ്പെട്ട് റഹീമിന് ഗുരുതരമായി പരിക്കേറ്റത്. ശാരീരിക അവശതകൾ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും കുടുംബത്തോടപ്പം കഴിയാമെന്ന പ്രതീക്ഷയിലാണ് റഹീം.
2022 മാർച്ച്, വീട്ടു ജോലി വിസയിൽ കുവൈത്തിലെത്തിയ റഹീം നാട്ടിലേക്ക് തിരികെ പോകാൻ തയ്യാറെടുക്കുകയായിരുന്നു. വിസ തീർന്നതിനാൽ യാത്രക്കുമുമ്പ് ഇന്ത്യൻ എംബസിയിൽ നിന്ന് യാത്ര രേഖകൾ ശരിയാക്കി നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തു. എല്ലാം സജ്ജമാക്കി നാട്ടിലേക്ക് പോകാനുള്ള പെട്ടി ഒരുക്കുമ്പോഴാണ് മറന്നുപോയ ഒരു സാധനം വാങ്ങിക്കാൻ റഹീം വീണ്ടും സൂപ്പർമാർക്കറ്റിലേക്ക് പുറപ്പെട്ടത്.
സാധനവും വാങ്ങി തിരികെ വരുന്ന സമയത്ത് ട്രാഫിക് സിഗ്‌നലിൽ വെച്ച് റഹീം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. റഹീം ഓടിച്ചിരുന്ന വാഹനം മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റഹീമിന് ഗുരുതരമായ പരിക്കേറ്റു. പിന്നീട് മാസങ്ങളോളം ബോധമില്ലാതെ മുബാറക് അൽ കബീർ ആശുപത്രിയിലെ ഐ.സി.യുവിൽ കഴിഞ്ഞു.
മരണത്തിൻറെയും ജീവിതത്തിൻറെയും നൂൽപ്പാലത്തിലൂടെയുള്ള യാത്ര. ഡോക്ടർമാർ പോലും ആശങ്ക പങ്കുവെച്ച നിമിഷങ്ങൾ. പിന്നീട് അത്ഭുതകരമായി റഹീം ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എന്നാൽ അപ്പൊഴേക്കും ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു. പിന്നീട് സംസാരിക്കാനും പ്രയാസങ്ങൾ വന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും റഹീം മനക്കരുത്തോടെ നേരിട്ടു.നാട്ടിലേക്ക് പോകണമെന്നും ബന്ധുക്കളെ കാണണമെന്നുമുള്ള ആഗ്രഹം വന്നുതുടങ്ങി.എന്നാൽ, അതെല്ലാം നിയമ പ്രശ്‌നങ്ങളിൽ ഉടക്കി നിൽക്കുകയായിരുന്നു.
പിന്നീട് ആരോഗ്യ പ്രവർത്തകനായ അറഫാത്തും, സന്നദ്ധ പ്രവർത്തകരായ സമീർ മുസല്യാർ, അബ്ദുൽ അസീസ് പുല്ലാലൂർ, ഹാരിസ് വള്ളിയോത്ത്,ലത്തീഫ് പി.പി തുടങ്ങിയ നിരവധി ആളുകൾ റഹീമിനെ നാട്ടിലയക്കാനുള്ള നീക്കം ആരംഭിച്ചു. പ്രവാസി വെൽഫെയർ, കുവൈത്ത് കെ.എം.സി.സി, ഐ.സി.എഫ്, മറ്റു സംഘടന പ്രതിനിധികൾ, വ്യക്തികൾ എന്നിവർ ഇതിനകം പലരൂപത്തിൽ വിഷയത്തിൽ ഇടപെട്ടു.
പ്രയാസങ്ങൾക്കും ദുരിതങ്ങൾക്കും അറുതിയായി ഇന്ന് ഉച്ചയോടെയാണ് കോഴിക്കോടെക്ക് റഹീം യാത്ര തിരിച്ചത്. സലിം കൊമ്മേരിയും ഹാരിസ് വള്ളിയോത്തും യാത്രയിൽ റഹീമിനെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിൽ നിന്നും നേരെ സി.എച്ച് സെൻറർ പാലിയേറ്റീവ് സെന്ററിൽ റഹീമിനെ എത്തിക്കും. തുടർ ചികത്സകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെയ്യാനാണ് തീരുമാനം. എന്നാൽ റഹീം കിടപ്പിലായതോടെ നാട്ടിൽ ആകെയുണ്ടായിരുന്ന കോഴിക്കോട് എകരൂലിനടുത്തുള്ള വീട് ജപ്തി ഭീഷണിയിലാണ്. ഇത്രകാലവും കൂടെ നിന്ന നന്മ മനസ്സുകൾ ഇനിയും ചേർത്തു നിർത്തും എന്ന പ്രതീക്ഷയിലാണ് റഹീമം കുടുംബവും.