കുവൈത്തിൽ പ്രമേഹ മരണങ്ങൾ വർധിക്കുന്നു
|കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രമേഹ മരണനിരക്കിൽ 35 ശതമാനം വർധനവാണ് കുവൈത്തിൽ രേഖപ്പെടുത്തിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമേഹ മരണങ്ങൾ വവർധിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രമേഹ മരണനിരക്കിൽ 35 ശതമാനം വർധനവാണ് കുവൈത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രമേഹം മൂലമുള്ള മരണനിരക്ക് ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്ന് ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ട് വെളിപ്പെടുത്തി. ആഗോള ശരാശരി 3 ശതമാനമാണെങ്കിൽ കുവൈത്തിൽ അത് ഇരട്ടിയിലേറെ വർധിച്ച് 7 ശതമാനത്തിലെത്തി.
ബ്യൂറോ ഓഫ് പെർഫോമൻസ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് പുറത്ത് വിട്ട വാർഷിക റിപ്പോർട്ടിൽ പ്രമേഹ മരണനിരക്കിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഏറെ മുന്നിലാണ്. റിപ്പോർട്ട് പ്രകാരം 8 ശതമാനവുമായി ഒമാൻ ഒന്നാമതും, 7 ശതമാനവുമായി കുവൈത്ത് രണ്ടാം സ്ഥാനത്തും, 6 ശതമാനവുമായി ഖത്തർ മുന്നാമതുമാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ കുവൈത്തിൽ പ്രമേഹം മൂലമുള്ള മൊത്തം മരണങ്ങളുടെ എണ്ണം 35 ശതമാനമാണ് വർധിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മരണപ്പെട്ടവരിൽ ഭൂരിപക്ഷവും 60 നും 85 വയസ്സിനും ഇടയിലുള്ളവരാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 50 ശതമാനത്തിലധികം പേരും അമിതവണ്ണം ഉള്ളവരാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. അതിനിടെ വിദ്യാർഥികളിൽ പ്രമേഹമുള്ളവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ രംഗത്തുള്ളവർ കാണുന്നത്. പുകയിലയുടെയും മധുരമുള്ള പാനീയങ്ങളുടെയും ഉപയോഗമാണ് രാജ്യത്ത് പ്രമേഹം വ്യാപിക്കുവാൻ മുഖ്യ കാരണം. പ്രമേഹത്തിനെതിരെ രാജ്യമെങ്ങും ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുവാനും പ്രമേഹം നേരത്തെ തന്നെ കണ്ടെത്തി ആവശ്യമായ ചികത്സ നൽകുന്നതിനായി ആധുനിക പരിശോധനകൾ ഏർപ്പെടുത്തുവാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.