ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നാളെ മുതൽ
|ബുക്കിംഗ് ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നു
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നാളെ മുതൽ ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ് ആദ്യ വിമാനം നാളെ കൊച്ചിയിൽ നിന്ന് പുറപ്പെടും.
കേരളത്തിൽ നിന്നും ആഴ്ചയിൽ 5 സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഷെഡ്യൂൾ ചെയ്തത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടു നിന്നുമാണ് സർവീസുകൾ. 250 ദീനാർ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗ് ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നു. ചൊവ്വാഴ്ച കൊച്ചിയിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ആദ്യ സർവീസ്.
നാളെ ചെന്നൈയിൽ നിന്ന് കുവൈത്ത് എയർവെയ്‌സ് വിമാനവും കുവൈത്തിലേക്ക് സർവീസ് നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും കുവൈത്ത് എയർവേയ്സ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. മന്ത്രിസഭ അനുമതി ലഭിച്ചതിന് ശേഷം ആദ്യമായാണ് യാത്രാ വിമാനങ്ങൾ ബുക്കിങ് ആരംഭിക്കുന്നത്. നേരത്തെ ചാർട്ടർ വിമാനങ്ങളിലും ട്രാൻസിറ്റ് വഴിയും മലയാളികൾ കുവൈത്തിൽ എത്തിയിരുന്നു.