![കുവൈത്തില്‍ 15 മില്യൺ ദിനാറിന്‍റെ മയക്കുമരുന്ന് പിടികൂടി കുവൈത്തില്‍ 15 മില്യൺ ദിനാറിന്‍റെ മയക്കുമരുന്ന് പിടികൂടി](https://www.mediaoneonline.com/h-upload/2023/02/02/1349612-f1tva3wruus56agodsf1jw.webp)
കുവൈത്തില്‍ 15 മില്യൺ ദിനാറിന്‍റെ മയക്കുമരുന്ന് പിടികൂടി
![](/images/authorplaceholder.jpg?type=1&v=2)
15 ദശലക്ഷം ടാബ്‌ലെറ്റുകളും 50 കിലോ മയക്കുമരുന്ന് അസംസ്കൃത വസ്തുക്കളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: രാജ്യത്ത് ലക്ഷക്കണക്കിന് കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്‍റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിലാണ് നാല് പേര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. 15 ദശലക്ഷം ടാബ്‌ലെറ്റുകളും ഹാഷിഷും ക്രിസ്റ്റല്‍ മേത്തും അടക്കമുള്ള മാരക ലഹരി വസ്തുക്കളും ടാബ്‌ലെറ്റ് കംപ്രഷൻ നിർമാണ ഉപകരണങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഏകദേശം 15 മില്യൺ ദിനാര്‍ വില വരുന്ന മയക്കുമരുന്നാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ വില്‍പന തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കുവൈത്ത് നടത്തി വരുന്നത്. രാജ്യത്ത് നിന്നും അടുത്തിടെയായി വൻ തോതിൽ മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത്. അതിനിടെ മയക്കുമരുന്ന് കടത്തുകാർക്കെതിരായ പോരാട്ടത്തിൽ രാജ്യം തികഞ്ഞ ജാഗ്രതയിലാണെന്ന് അഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ വ്യക്തമാക്കി. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍മാരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.