സാമ്പത്തിക വളര്‍ച്ചാ നിരക്ക്; കുവൈത്തിന് മുന്നേറ്റം
|സാമ്പത്തിക വളര്‍ച്ചാ നിരക്കിൽ കുവൈത്തിന് മുന്നേറ്റം. ക്രെഡിറ്റ് സ്യൂസ് പുറത്തിറക്കിയ വാർഷിക ആഗോള സമ്പത്ത് റിപ്പോർട്ടിലാണ് കുവൈത്ത് മികച്ച സ്ഥാനം നേടിയത്.
റിപ്പോർട്ട് അനുസരിച്ച് കുവൈത്തിന്‍റെ ശരാശരി പ്രതിശീർഷ സമ്പത്ത് 1,00,000 ഡോളര്‍ കവിഞ്ഞതായി പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു.
ആഗോള വിപണികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കിടയിലും കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി .
സമ്പത്തിന്റെ മൂല്യം 2021 ലുള്ള 300 ബില്യണ്‍ ഡോളറില്‍ നിന്നും 2026 ഓടെ 400 ബില്യണ്‍ ഡോളറായി ഉയരുമെന്നുമെന്നാണ് പ്രതീക്ഷ.
നിലവിൽ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിയും സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽനിന്നാണ്.
എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം. 2016 മുതല്‍ കുവൈത്തികളുടെ സമ്പത്ത് പ്രതിവര്‍ഷം മൂന്ന് ശതമാനം എന്ന നിരക്കിലാണ് വളര്‍ച്ച കൈവരിക്കുന്നത്.
ഈ വളര്‍ച്ച 2026 വരെ നീളുമെന്നാണ് പ്രതീക്ഷ. കുവൈത്തില്‍ 100 മില്യണ്‍ ഡോളറിലധികം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനായി എണ്ണ ഉത്പ്പാദനം ഉയർത്താനുള്ള പദ്ധതിയിലാണ് കുവൈത്ത്.
എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഭാവി തലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയ ശേഷമാണ് കുവൈത്ത് വരുമാനം കണക്കാക്കുന്നത്.