Kuwait
പെരുന്നാള്‍ അവധി; 76 അധിക വിമാന സര്‍വീസുകളുമായി കുവൈത്ത് വ്യോമയാന വകുപ്പ്
Kuwait

പെരുന്നാള്‍ അവധി; 76 അധിക വിമാന സര്‍വീസുകളുമായി കുവൈത്ത് വ്യോമയാന വകുപ്പ്

Web Desk
|
28 April 2022 7:57 AM GMT

പെരുന്നാള്‍ അവധിക്കാല തിരക്ക് പരിഗണിച്ച് 76 അധിക വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതായി കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് ഏഴു വരെയുള്ള അവധിനാളുകളില്‍ കുവൈത്ത് വിമാനത്താവളം വഴി മൂന്നരലക്ഷത്തില്‍ പരം ആളുകള്‍ യാത്ര ചെയ്യുമെന്ന് ഡി.ജി.സി.എ ഉപമേധാവി സഅദ് അല്‍ ഉതൈബി പറഞ്ഞു.

76 അധിക സര്‍വീസുകള്‍ ഉള്‍പ്പെടെ 1400 വിമാനങ്ങള്‍ കുവൈത്തില്‍ നിന്നും വിവിധ വിദേശ നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും. കുവൈത്തിലേക്ക് വരുന്നവര്‍ 1,44380 പേരും, 207,760 പേര്‍ കുവൈത്തില്‍ നിന്ന് പോകുന്നവരുമാണ്. ലണ്ടന്‍, പാരീസ്, ഇസ്തംബൂള്‍, ദുബൈ, കെയ്‌റോ, ജിദ്ദ എന്നീ നഗരങ്ങളിലേക്കാണ് കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ പ്രധാനമായും യാത്ര ചെയ്യുന്നത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുമായും സഹകരിച്ച് അടുത്ത ഒമ്പത് ദിവസത്തെ തിരക്ക് നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഈദുല്‍ ഫിത്തര്‍ അവധി നാളുകളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് പ്രത്യേക ഓപ്പറേഷന്‍ പ്ലാനിന് രൂപം നല്‍കിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഓപ്പറേഷന്‍ ഹെഡ് മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു.

ആഭ്യന്തരമന്ത്രാലയം, ജനറല്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്, വിമാനക്കമ്പനികള്‍, ഗ്രൗണ്ട് സര്‍വീസ്എന്നിവയുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍. യാത്രാ നപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts