തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യം; മീഡിയവണ്ണിനോട് മനസുതുറന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രി
|രാജ്യ മുന്നേറ്റത്തിന് സഹായകരമാകുന്നതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് കുവൈത്ത് വാർത്താ വിതരണ മന്ത്രി ഡോ. ഹമദ് അഹ്മദ് റൂഹുദ്ധീൻ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഏറ്റവും സുതാര്യമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും മന്ത്രി മീഡിയാവണ്ണിനോട് പറഞ്ഞു.
ന്യൂ കുവൈത്ത് വിഷൻ2035ന്റെ ഭാഗമായി നിരവധി പദ്ധതികൾക്കാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. വരാൻ പോകുന്ന സർക്കാരിന് വികസന പദ്ധതികൾ തുടർന്ന് കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായ രീതിയിലാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകർ ഇതിന്റെ ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.
വോട്ടർമാർ ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിന് നിരവധി നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ജനഹിതത്തിനനുസരിച്ച ഉറച്ച സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ഷൻ റിപ്പോർട്ട് ചെയ്യാനെത്തിയ വിദേശമാധ്യമ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും മീഡിയാവണ്ണിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. ഹമദ് അഹമ്മദ് പറഞ്ഞു.