കുവൈത്ത് മുൻ അമീറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
|കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സബാഹ് ഇനി ഓർമ.
കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങകളില്‍ പങ്കെടുത്തത്.
കുവൈത്തിന്റെ പ്രിയപ്പെട്ട അമീറിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതേരാടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. പുതിയ അമീര്‍ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അല്‍ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,മന്ത്രിമാര്‍, മക്കള്‍, സഹോദരങ്ങള്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ മുതലായവര്‍ നമസ്കാരത്തിൽ പങ്കെടുത്തു.
രാവിലെ ഒമ്പത് മണിക്ക് ബിലാൽ ബിൻ റബാഹ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും വിദേശികളുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. പുതിയ അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും മറ്റ് രാജകുടുംബാംഗങ്ങളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബയാൻ പാലസിൽ അനുശോചനം സ്വീകരിക്കുമെന്ന് അമീറി ദിവാന്‍ അറിയിച്ചു.