Kuwait
അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾക്ക് യൂറോപ്യൻ രാജ്യങ്ങൾ തയാറെടുക്കുന്നു: ഇമ്മാനുവേൽ മാക്രോൺ
Kuwait

അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾക്ക് യൂറോപ്യൻ രാജ്യങ്ങൾ തയാറെടുക്കുന്നു: ഇമ്മാനുവേൽ മാക്രോൺ

Web Desk
|
4 Dec 2021 3:32 PM GMT

ഖത്തർ അമീർ ശൈഖ് തമീം അൽത്താനിയുമായി മാക്രോൺ കൂടിക്കാഴ്ച്ച നടത്തി

അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾക്ക് യൂറോപ്യൻ രാജ്യങ്ങൾ തയാറെടുക്കുന്നതായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാരുണ്ടാക്കുമെന്ന വാക്ക് താലിബാൻ പാലിക്കാത്തത് മധ്യസ്ഥ നീക്കങ്ങളിൽ കല്ലുകടിയാകുന്നുണ്ടെന്നും മാക്രോൺ ദോഹയിൽ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം അൽത്താനിയുമായി മാക്രോൺ കൂടിക്കാഴ്ച്ച നടത്തി

ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇമ്മാനുവൽ മാക്രോൺ അഫ്ഗാൻ വിഷയത്തിൽ പ്രതികരണം നടത്തിയത്. താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിൽ നിന്ന് അംബാസഡർമാരെ പിൻവലിച്ച യൂറോപ്യൻ രാജ്യങ്ങൾ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായിട്ടുണ്ട്. ഇതിനായുള്ള നിർണായക നീക്കങ്ങൾ ഉടൻ തന്നെ നടന്നേക്കും.

എന്നാൽ ന്യൂനപക്ഷങ്ങളെയടക്കം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാർ രൂപീകരിക്കുമെന്ന പ്രതിജ്ഞ താലിബാൻ പാലിക്കാത്തത് മധ്യസ്ഥ നീക്കങ്ങളിൽ കല്ലുകടിയായി നിൽക്കുന്നുണ്ട്. കോൺസുലേറ്റുകൾ പുനസ്ഥാപിച്ചാലും ആവശ്യമായ സുരക്ഷയൊരുക്കാൻ താലിബാന് കഴിയുമോയെന്ന കാര്യത്തിലും ആശങ്കയുണ്ടെന്നും മാക്രോൺ പറഞ്ഞു. ഗൾഫ് പര്യടനത്തിൻറെ ഭാഗമായി ഇന്നലെ ദോഹയിലെത്തിയ ഫ്രഞ്ച് പ്രസിഡൻറിനെ ഖത്തർ ഗതാഗത മന്ത്രി ശൈഖ് ജാസിം ബിൻ സൈഫ് അല് സുലൈത്തിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് അമീരി ദിവാനിലെത്തിയ മാക്രോൺ ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കാൻ കൂടിക്കാഴ്ച്ചകളിൽ ധാരണയായി.സാമ്പത്തികം നിക്ഷേപം പ്രതിരോധം സുരക്ഷ വിദ്യാഭ്യാസം തുടങ്ങി മേഖലകളിൽ സഹകരണം ശക്തമാക്കും. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഏറ്റവും പുതിയ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഖത്തറിൻറെ വിവിധ മന്ത്രിമാരും കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ ഫ്രഞ്ച് പ്രസിഡൻറിനായൊരുക്കിയ അത്താഴ വിരുന്നിൽ അമീറും ഷൂറാ കൗൺസിൽ സ്പീക്കറും പങ്കെടുത്തു. തുടർന്ന് രാവിലെയോടെ ഇമ്മാനുവേൽ മാക്രോൺ റിയാദിലേക്ക് പോയി.

Similar Posts