Kuwait
Kuwait
കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി
|29 Sep 2024 3:25 PM GMT
ലൈസൻസ് കാലാവധി ഒരു വർഷമായി കഴിഞ്ഞ വർഷം പരിമിതപ്പെടുത്തിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി. ഇത് സംബന്ധമായ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അസ്സബാഹ് ഉത്തരവിട്ടു. മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പുതിയ ലൈസൻസുകൾ 'മൈ കുവൈത്ത് ഐഡന്റിറ്റി' മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും നൽകുക. നേരത്തെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷമായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം ലൈസൻസ് കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തുകയായിരുന്നു.
ഉത്തരവ് നിലവിൽ വന്നതോടെ പുതിയ ലൈസൻസുകൾ ലഭിക്കുമ്പോഴും പുതുക്കുമ്പോഴും മൂന്ന് വർഷത്തേക്കായിരിക്കും ഇഷ്യൂ ചെയ്യുകയെന്ന് അധികൃതർ വ്യക്തമാക്കി.