Kuwait
Kuwait resumes family visa for expatriates
Kuwait

കുവൈത്തില്‍ കുടുബ സന്ദര്‍ശന വിസ പുനരാരംഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവാസികൾ

Web Desk
|
6 Feb 2024 6:48 PM GMT

400 ദിനാർ ശമ്പളമുള്ള പ്രവാസികൾക്ക് പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവരാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുബ സന്ദര്‍ശന വിസ പുനരാരംഭിച്ച നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മലയാളികൾ അടക്കമുള്ള പ്രവാസികൾ. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ച കുടുംബ സന്ദർശന വിസ പുനരാരംഭിക്കുന്നത് . വിവധ റെസിഡന്‍സ് അഫയേഴ്സ് വകുപ്പുകള്‍ വിസക്കായുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിച്ച് തുടങ്ങും.

വർഷങ്ങൾക്ക് ശേഷം കുവൈത്തിൽ കുടുംബങ്ങൾക്ക് സന്ദർശന വിസ അനുവദിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രവാസികൾക്ക് കുടുംബ വിസ അനുവദിച്ചു ആഭ്യന്തര മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചത്.

ഫാമിലി വിസ നൽകുന്നതിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതിനാൽ മഹാ ഭൂരിപക്ഷം വരുന്ന പ്രവാസികൾക്കും ആനുകൂല്യം ഉപയോഗപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കുടുംബ-ടുറിസ്റ്റ് സന്ദർശന വിസകൾ അനുവദിക്കുമെന്ന സർക്കാറിന്റെ തീരുമാനം സന്തോഷപൂർവ്വമാണ് പ്രവാസികൾ സ്വീകരിച്ചത്.

മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്‌താണ് അപേക്ഷകൾ റെസിഡൻസി ഓഫീസുകളിൽ എത്തേണ്ടത്. നിലവിൽ 400 ദിനാർ ശമ്പളമുള്ള പ്രവാസികൾക്ക് പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവരാം.

എന്നാൽ, വിസയുടെ കാലാവധി, പ്രായ പരിധി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഈ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് സൂചനകൾ.

അതിനിടെ സന്ദർശന വിസയിൽ വരുന്നവർക്ക് കുവൈത്ത്‌ ദേശീയ വിമാന കമ്പനികളുടെ ടിക്കറ്റ് നിർബന്ധമാക്കിയത് മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കും.

Related Tags :
Similar Posts