കുവൈത്തില്‍ സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി തേടാതെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും
|കുവൈത്തില്‍ സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി തേടാതെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരും പ്രവാസികളും രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണം. ഇന്ത്യയിലെ പ്രവാചക നിന്ദക്കെതിരെ ഫഹാഹീലില്‍ പ്രതിഷേധിച്ച ഈജിപ്ത് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാടുകടത്താനാണ് തീരുമാനം.
ഇന്ത്യയില്‍ മുന്‍ ബി.ജെ.പി നേതാക്കള്‍ പ്രവാചകനെ അവഹേളിച്ചതിനെതിരെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അത്തരത്തില്‍ കുവൈത്തിലെ ഫഹാഹീല്‍ പ്രദേശത്ത് പ്രകടനം നടത്തിയ പ്രവാസികള്‍ അധികാരികളില്‍നിന്ന് മുന്‍കൂട്ടി അനുമതി തേടാതെയാണ് ഒത്തുകൂടിയത്. ഇതാണ് അധികൃതരെ ഇത്തരത്തിലൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രവാചക നിന്ദക്കെതിരെ വ്യക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്. വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി കുവൈത്ത് വിദേശ കാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം, ഏത് വിഷയത്തിലായാലും നിയമം അനുസരിക്കാന്‍ മുഴുവന്‍ രാജ്യനിവാസികളും ബാധ്യസ്ഥരാണെന്നാണ് അധികൃത രുടെ നിലപാട്.