Kuwait
വിദേശികളുടെ താമസനിയമ പരിഷ്‌കരണം;   കരട് നിര്‍ദേശത്തിന് കുവൈത്ത് പാര്‍ലിമെന്റില്‍ അംഗീകാരം
Kuwait

വിദേശികളുടെ താമസനിയമ പരിഷ്‌കരണം; കരട് നിര്‍ദേശത്തിന് കുവൈത്ത് പാര്‍ലിമെന്റില്‍ അംഗീകാരം

Web Desk
|
27 May 2022 6:36 AM GMT

ഗാര്‍ഹിക തൊഴിലാളികള്‍ നാല് മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു താമസിച്ചാല്‍ ഇഖാമ സ്വമേധയാ അസാധുവാകുമെന്നതാണ് പ്രധാന നിര്‍ദേശം

കുവൈത്തില്‍ വിദേശികളുടെ താമസനിയമം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിര്‍ദേശത്തിന് പാര്‍ലിമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതി അംഗീകാരം നല്‍കി. വിദേശികളുടെ ഇഖാമ, പ്രവേശന വിസ, നാടുകടത്തല്‍, വിസക്കച്ചവടം, നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതികളാണ് കരട് നിര്‍ദേശത്തിലുള്ളത്.

താമസാനുമതിയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന ഭേദഗതികള്‍ ഉള്‍പ്പെടുന്നതാണ് കരട് ബില്‍. ഗാര്‍ഹിക തൊഴിലാളികള്‍ നാല് മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു താമസിച്ചാല്‍ ഇഖാമ സ്വമേധയാ അസാധുവാകുമെന്നതാണ്പ്രധാന നിര്‍ദേശം. നിലവില്‍ ഇത് ആറുമാസമാണ്. നാലുമാസത്തില്‍ കൂടുതല്‍ വിട്ടുനില്‍ക്കേണ്ട പ്രത്യേക സാഹചര്യങ്ങളില്‍ സ്‌പോണ്‍സര്‍ മുഖേന ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങണം. ഹോട്ടലുകളിലും അപ്പാര്‍ട്‌മെന്റുകളിലും താമസിക്കുന്ന വിദേശ പൗരന്മാരെ കുറിച്ച് ചെക്കിന്‍ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ആഭ്യന്തരമന്ത്രലയത്തെ വിവരം അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

വിദേശികള്‍ക്ക് പരമാവധി മൂന്നു മാസം വരെ താത്കാലിക ഇഖാമ അനുവദിക്കാനും മൂന്നു മാസം കൂടുമ്പോള്‍ ഇവ പുതുക്കാനും അനുമതിയുണ്ടാകും. ഒരു വര്‍ഷത്തിനകം സ്ഥിരം ഇഖാമ ലഭിക്കാത്ത പക്ഷം നിര്‍ബന്ധമായും രാജ്യം വിടണം. സാധാരണഗതിയില്‍ വിദേശികള്‍ക്ക് പരമാവധി അഞ്ചു വര്‍ഷം വരെ ഇഖാമ അനുവദിക്കാം. കുവൈത്ത് പൗരന്മാരുടെ വിദേശികളായ മക്കള്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ക്ക് പത്തുവര്‍ഷം വരെയും വാണിജ്യമേഖലയില്‍ നിക്ഷേപം നടത്തിയ വിദേശികള്‍ക്ക് പതിനഞ്ച് വര്‍ഷം വരെയും ഇഖാമ അനുവദിക്കും. വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കുള്ള ശിക്ഷ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവും 5000 ദിനാര്‍ പിഴയും ആക്കി വര്‍ദ്ധിപ്പിക്കാനും ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

മതിയായ വരുമാന സ്രോതസ്സ് കാണിക്കാനാകാത്തവരെ ഇഖാമയുണ്ടെങ്കിലും കുടുംബ സമേതം നാടുകടത്താന്‍ കരട് നിയമം ആഭ്യന്തരമന്ത്രിക്ക് പ്രത്യേക അധികാരം നല്‍കുന്നുണ്ട്. സുരക്ഷ, ധാര്‍മികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതു താല്പര്യം മുന്‍നിര്‍ത്തിയും നാടുകടത്തലിന് ഉത്തരവിടാന്‍ ആഭ്യന്തരമന്ത്രിക്ക് അധികാരമുണ്ടായിരിക്കും. ആഭ്യന്തര പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഇന്നലെ ചേര്‍ന്ന സിറ്റിങ്ങിലാണ് കരട് നിര്‍ദേശത്തിനു അംഗീകാരം നല്‍കിയത്. ഇനി നിയമ നിര്‍മ്മാണസമിതിയും പൊതുസഭയും അംഗീകരിക്കേണ്ടതുണ്ട്. ഇതിനു ശേഷം അമീറിന്റെ അംഗീകാരത്തോടെ ഗസറ്റില്‍ വിജ്ഞാപനം ചെയ്താലാണ് നിയമഭേദഗതി പ്രാബല്യത്തിലാകുക.

Similar Posts