കുവൈത്തില്‍ വിദേശികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറാൻ നിയന്ത്രണം വരുന്നു
|പുതിയ തീരുമാനത്തില്‍ നിന്നും മൂന്ന് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍- സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനിടെ പുതിയ തീരുമാനത്തില്‍ നിന്നും മൂന്ന് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച വിദേശികള്‍ക്കും സാധുവായ രേഖകള്‍ കൈവശമുള്ള ഫലസ്തീൻ പൗരന്മാർക്കും 60 വയസിന് താഴെയുള്ള യൂണിവേഴ്സിറ്റി ബിരുദധാരികളായ വിദേശികള്‍ക്കുമാണ് ഇളവുകള്‍ നല്‍കുക. എന്നാൽ ഇത്തരത്തിലുള്ളവരുടെ അപേക്ഷകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.