വിദേശികൾക്ക് തിരിച്ചടി; പ്രസവ ചാർജ് വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്
|പ്രസവ ഫീസ് 50 മുതൽ 75 ശതമാനം വരെ വർദ്ധിക്കുമെന്നാണ് സൂചനകള്‍
കുവൈത്ത് സിറ്റി: മെറ്റേണിറ്റി ഹോസ്പിറ്റലിൽ വിദേശികള്‍ക്കുള്ള പ്രസവ ചാർജ് വർദ്ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധമായ പഠനത്തിനായി വിദഗ്ദര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചു. പുതിയ തീരുമാനം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രസവ ആശുപത്രിയിൽ വിദേശികൾക്കുള്ള ഡെലിവറി ഫീസ് പുനഃപരിശോധിക്കാൻ അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധമായ പഠനത്തിനായി വിദഗ്ദര്‍ അടങ്ങിയ സമിതിയെ നിയമിച്ചു. പ്രസവ ഫീസ് 50 മുതൽ 75 ശതമാനം വരെ വർദ്ധിക്കുമെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷത്തോടെ പുതുക്കിയ ചാര്‍ജ്ജുകള്‍ നടപ്പിലാകും.
നിലവില്‍ വിദേശികളില്‍ നിന്നും സാധാരണ പ്രസവത്തിന് 100 ദിനാറും സിസേറിയൻ ആണെങ്കില്‍ 150 ദിനാറുമാണ് ഈടാക്കുന്നത്. പ്രസവ ശുശ്രൂഷ, അൾട്രാസൗണ്ട്, ലബോറട്ടറി പരിശോധനകളും മരുന്നുകളുമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ആശുപത്രി സേവനങ്ങൾക്കുള്ള ഫീസും പ്രസവ ശുശ്രൂഷ ഫീസും തമ്മിൽ വേർതിരിക്കുവാനും പ്രൈവറ്റ് റൂമിന്‍റെ വില ഇരട്ടിയാക്കാനുമാണ് ആലോചിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ കേസുകളില്‍ ഭൂരിഭാഗവും വിദേശികളാണ് . പ്രതിവര്‍ഷം 8000 സ്വദേശികളുടെ പ്രസവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുമ്പോള്‍ 20,000 ലധികം വിദേശികളാണ് പ്രസവ ചികിത്സ തേടിയെത്തുന്നത്.