ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയ നടപടി; യാത്രക്കാരുടെ ആശങ്ക അകറ്റണമെന്ന ആവശ്യം ശക്തമാകുന്നു
|ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് തുക തിരിച്ചുനല്‍കുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ടെങ്കിലും ഈ ദിനങ്ങളിൽ കൂടുതൽ തുക നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ
കുവൈത്ത് സിറ്റി: ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയതിലൂടെ കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ ആശങ്ക അകറ്റണമെന്ന ആവശ്യം കുവൈത്തില്‍ ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് വിമാന സർവീസുകൾ മേയ് ഒമ്പത് വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കുവൈത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റുമാണ് കണ്ണൂരിലേക്ക് നേരിട്ടുള്ള സർവീസുകള്‍ നടത്തുന്നത്. ഇതിൽ ഗോ ഫസ്റ്റ് കൂടി നിലക്കുന്നതോടെ പ്രവാസികൾക്ക് വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവുമാണ് ഉണ്ടാക്കുന്നത്.
യാത്ര റദ്ദാക്കുന്നത് തുടർന്നാൽ കുവൈത്തിലെ വേനൽ അവധിക്കാലങ്ങളിലെ യാത്രാ ദുരിതം കൂടും. വരും ദിവസങ്ങളിലെ സർവീസുകളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് കണ്ണൂരിലെ യാത്രക്കാര്‍. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതിന്‍റെ അടിസ്ഥാനത്തിൽ ബുക്ക് ചെയ്തവരായിരുന്നു കൂടുതൽപേരും.
ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് തുക തിരിച്ചുനല്‍കുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ടെങ്കിലും ഈ ദിനങ്ങളിൽ കൂടുതൽ തുക നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. അതിനിടെ കണ്ണൂര്‍ സെക്ടറിൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടന്‍ ഇടപെടണമെന്നും നിരവധി പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.