കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ഓഫീസുകൾ ഉടൻ തുറക്കും
|രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഗൂഗിളിൻറെ വരവ് സഹായകരമാകുമെന്ന് വാർത്താവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ പറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ഓഫീസുകൾ ഉടൻ തുറക്കുമെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി. ഗൂഗിൾ ക്ലൗഡ് ഓഫീസ് ആരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രാദേശിക ഇടനിലക്കാരെ ഒഴിവാക്കി ഗൂഗിൾ ക്ലൗഡ് നേരിട്ട് കുവൈത്ത് ഗവൺമെന്റുമായി പ്രവർത്തനം നടത്തും. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഗൂഗിളിൻറെ വരവ് സഹായകരമാകുമെന്ന് വാർത്താവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ പറഞ്ഞു.
വിഷൻ-2035 നെ പിന്തുണയ്ക്കുന്നതിലെ മറ്റൊരു ചുവടുവയ്പ്പാണ് കുവൈത്തിൽ ഓഫീസ് ആരംഭിക്കുന്നതെന്ന് ഗൂഗിൾ ക്ലൗഡ് മിഡിൽ ഈസ്റ്റ്, മാനേജിംഗ് ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ-തഹൈബാൻ പറഞ്ഞു. 2023 ജനുവരിയിലാണ് കുവൈത്ത് സർക്കാരുമായി ചേർന്ന് ഗൂഗിൾ ക്ലൗഡ് പ്രവർത്തനം ആരംഭിച്ചത്. ഗൂഗിളിൻറെ വരവോടെ ഐ.ടി മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സഹകരണം വ്യാപിക്കുന്നതോടെ സർക്കാർ ഏജൻസികളുടെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരിക്കുവാനും സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുവാനും സൈബർ സുരക്ഷ മെച്ചപ്പെടുത്തുവാനും കഴിയും.സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ ത്വരിതപ്പെടുത്തുവാനും ഗൂഗിൾ ക്ലൗഡിൻറെ വരവ് സഹായകരമാകും. അതോടപ്പം സർക്കാർ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊല്യൂഷനുകൾ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ നൈപുണ്യം വർദ്ധിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.