Kuwait
കുവൈത്ത് സര്‍ക്കാറുമായി കൈകോര്‍ക്കാന്‍ ഗൂഗിൾ ക്ലൗഡ്
Kuwait

കുവൈത്ത് സര്‍ക്കാറുമായി കൈകോര്‍ക്കാന്‍ ഗൂഗിൾ ക്ലൗഡ്

Web Desk
|
6 Jan 2023 7:02 PM GMT

മേഖലയിലെ കമ്പ്യൂട്ടര്‍ ഹബ് ആയി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാകും

കുവൈത്ത് സിറ്റി: ഗൂഗിൾ ക്ലൗഡ് കുവൈത്ത് സര്‍ക്കാറുമായി കൈകോര്‍ക്കുന്നു. ഇതുവഴി ഐ.ടി മേഖലയിലെ വിദഗ്ധരായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്‍റ് പ്രൊമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ക്ലൗഡ് കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മേഖലയിലെ കമ്പ്യൂട്ടര്‍ ഹബ് ആയി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. അതിവേഗം ഡിജിറ്റല്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന്‌ വേഗം കൈവരാന്‍ സഹായിക്കുന്നതാണ് ഗൂഗിള്‍ ക്ലൗഡ്. ഇത് വഴി നിരവധി അവസരങ്ങളും ഉണ്ടാകും.

പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും പുതിയ നീക്കം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ഗൂഗിള്‍ മാനേജ്മെന്‍റ് ടൂളുകള്‍, ഡാറ്റ അനലിറ്റിക്‌സ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ക്ലൗഡ് സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിൽ ഗൂഗിൾ ക്ലൗഡിന്‍റെ വിപുലീകരണത്തിലെ പ്രധാന നാഴികക്കല്ലാണ് കുവൈത്തുമായുള്ള കരാറെന്ന് ഗൂഗിൾ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തോമസ് കുര്യൻ പറഞ്ഞു. ഗൂഗിൾ ക്ലൗഡിന്‍റെ വരവ് കുവൈത്തിലെ ഡിജിറ്റൈസേഷൻ വേഗത വര്‍ധിപ്പിക്കുമെന്നും ഐ.ടി രംഗത്ത് കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts