Kuwait
പെരുന്നാള്‍ അവധി കഴിഞ്ഞു; കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് ഓഫീസുകളും പ്രവര്‍ത്തിച്ചുതുടങ്ങി
Kuwait

പെരുന്നാള്‍ അവധി കഴിഞ്ഞു; കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് ഓഫീസുകളും പ്രവര്‍ത്തിച്ചുതുടങ്ങി

Web Desk
|
26 April 2023 6:27 PM GMT

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വാരാന്ത്യ ഒഴിവുദിനങ്ങളടക്കം ചൊവാഴ്ച വരെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്.

അഞ്ചുദിവസത്തെ പെരുന്നാള്‍ അവധിക്കുശേഷം കുവൈത്തിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വാരാന്ത്യ ഒഴിവുദിനങ്ങളടക്കം ചൊവാഴ്ച വരെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്.

പെരുന്നാള്‍ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധിയുമെടുത്താണ് മിക്ക സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലെ സ്വദേശി ജീവനക്കാര്‍ അവധി ആഘോഷിക്കാന്‍ കുടുംബസമേതം വിവിധ രാജ്യങ്ങളിലേക്ക് യാത്രയായത്. രാജ്യത്തെ മിക്ക മാളുകളിലും റിസോട്ടുകളിലും അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയിരുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ന് പുലര്‍ച്ചെയോടെ തിരിച്ചത്തെിയിട്ടുണ്ട്.

അതിനിടെ നീണ്ട പെരുന്നാൾ അവധിക്ക് ശേഷം ഓഫീസുകളും സർവ്വകലാശാലകളും സ്‌കൂളുകളും തുറക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കാൻ 200 സുരക്ഷാ, ട്രാഫിക് പട്രോളിങ്ങുകൾ ചുമതലപ്പെടുത്തിയതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു. ഗവർണറേറ്റുകളിലെ എല്ലാ റിങ് റോഡുകളിലും പ്രധാന പാതകളിലും ഹൈവേകളിലും ഇന്‍റേണൽ റോഡുകളിലും ട്രാഫിക് ഉദ്യോഗസ്ഥർ പൊതു സുരക്ഷാ വിഭാഗവുമായി സഹകരിച്ചും ഏകോപിപ്പിച്ചും പ്രവർത്തിക്കും. ട്രാഫിക് ഓപ്പറേഷൻസ് കണ്ട്രോള്‍ റൂം എല്ലാ റോഡുകളും നിരീക്ഷിക്കും. ഗതാഗതക്കുരുക്കുകളോ അപകടങ്ങളോ ഉണ്ടായാൽ ഉടൻ ഇടപെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

Similar Posts