രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിലെ ഗ്രാൻഡ് മോസ്‌ക് ഖുർആൻ വിജ്ഞാന പരീക്ഷക്ക് വേദിയാകുന്നു
|കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ഖുർആൻ വിജ്ഞാന പരീക്ഷ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിലെ ഗ്രാൻഡ് മോസ്‌ക് ഖുർആൻ വിജ്ഞാന പരീക്ഷക്ക് വേദിയാകുന്നു. കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ഖുർആൻ വിജ്ഞാന പരീക്ഷ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്. ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിനു കീഴിലെ ദാറുൽ ഖുർആൻ സെന്ററുകളിലെ പുരുഷ വിദ്യർത്ഥികൾക്കാണ് മസ്ജിദുൽ കബീറിൽ നേരിട്ട് പരീക്ഷ നടത്തുന്നത്.
വനിതകളായ പഠിതാക്കൾക്കുള്ള പരീക്ഷ ഓൺലൈൻ ആയി തന്നെ തുടരും. പരീക്ഷക്കുള്ള വിധികർത്താക്കളുടെ പാനൽ സജ്ജമാക്കിയതായി ഔകാഫ് മന്ത്രാലയം അറിയിച്ചു. വനിതകൾക്കായി ഇലക്ട്രോണിക് രീതിയിൽ ഗ്രേഡുകൾ നിരീക്ഷിക്കുന്ന ഇലക്ട്രോണിക് പ്രോഗ്രാം സജ്ജമാക്കിയിട്ടുണ്ട്. ഇതനുസരിച്ചു ഓരോ വിദ്യാർത്ഥിക്കും അവൻ താമസിക്കുന്ന ഗവർണറേറ്റും പഠിക്കുന്ന സർക്കിളും അനുസരിച്ച് നമ്പർ തെരഞ്ഞെടുത്തു പരീക്ഷയിൽ പങ്കെടുക്കാം.
ഹവല്ലി , കാപ്പിറ്റൽ ഗവർണറേറ്റുകളിലെ ഖുർആൻ പഠിതാക്കൾക്കുള്ള സ്പ്രിങ് സെമസ്റ്റർ പരീക്ഷയാണ് നാളെ ആരംഭിക്കുന്നത്. മെയ് 26 വരെയാണ് പരീക്ഷ നടക്കുക . മറ്റു ഗവർണറേറ്റുകളിലുള്ള വിദ്യാർത്ഥികളുടെ പരീക്ഷ തിയ്യതികൾ ഇതിനു ശേഷം പ്രഖ്യാപിക്കുമെന്നും ഔകാഫ് മന്ത്രാലയം അറിയിച്ചു.