കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
|കുവൈത്തിൽ ഇന്നും നാളെയുമായി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചു. കുവൈത്ത് സിറ്റി ഉൾപ്പടെയുള്ള നഗരങ്ങളിൽ ഇന്ന് രാവിലെ മുതൽ പൊടിക്കാറ്റ് വീശുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം.
ശക്തമായ പൊടിക്കാറ്റ് പലയിടത്തും ഗതാഗത കുരുക്കിന് കാരണമായി. പലയിടത്തും ദൂര കാഴ്ച മങ്ങുമെന്നതിനാൽ ഹൈവേകൾ ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആസ്ത്മ അലർജി തുടങ്ങിയ പ്രശങ്ങൾ ഉള്ളവർ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. കടൽ യാത്രക്കാർക്കും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. അതിനിടെ കുവൈത്തിൽ ഇന്നും നാളെയുമായി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.
ശക്തമായ പൊടി കാറ്റിന്റെ സാന്നിധ്യം മൂലം താപനില കുറയുവാൻ സാധ്യതയുണ്ട്. ഈ ആഴ്ചയോടെ താപനില കുറയുമെന്നും ശൈത്യകാലം ആരംഭിക്കുമെന്നും ഇസ റമദാൻ പറഞ്ഞു. നാളെയും ചാറ്റൽ മഴ തുടരുമെന്നും രാത്രിയിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലവസ്ഥ കേന്ദ്രം അറിയിച്ചു.