കുവൈത്തിൽ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു
|കുവൈത്ത് റേഡിയോയിൽ എല്ലാ ഞായറാഴ്ചയുമാണ് പരിപാടി
കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. FM 93.3, AM 96.3 എന്നീ കുവൈത്ത് റേഡിയോയിൽ എല്ലാ ഞായറാഴ്ചയും രാത്രി 8:30 മുതൽ 9:00 വരെയാണ് പരിപാടി. ഏപ്രിൽ 21 മുതൽ ഹിന്ദി സംപ്രേക്ഷണം തുടങ്ങിയിട്ടുണ്ട്.
കുവൈത്ത് റേഡിയോയിൽ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച കുവൈത്ത് ഇൻഫോർമേഷൻ മന്ത്രാലയത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഏകദേശം 10 ലക്ഷം വരുന്ന ഇന്ത്യക്കാർ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. എഞ്ചിനീയർമാർ, ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ശാസ്ത്രജ്ഞർ, സോഫ്റ്റ്വെയർ വിദഗ്ധർ, മാനേജ്മെന്റ് കൺസൾട്ടന്റുകൾ, ആർക്കിടെക്റ്റുകൾ, ടെക്നീഷ്യൻമാർ, നഴ്സുമാർ, ചില്ലറ വ്യാപാരികൾ, ബിസിനസുകാർ തുടങ്ങിയ പ്രൊഫഷണലുകൾ ഇന്ത്യൻ പ്രവാസികളുടെ കൂട്ടത്തിലുണ്ട്.
കുവൈത്തിലെ പ്രാദേശിക വിപണിയിൽ, പ്രത്യേകിച്ച് റീട്ടെയിൽ വിതരണ മേഖലകളിൽ ഇന്ത്യൻ ബിസിനസ്സ് സമൂഹം വലിയ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ട്. ചരിത്രപരമായി ഇന്ത്യ കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. 1961 വരെ ഇന്ത്യൻ രൂപ കുവൈത്തിൽ നിയമവിധേയമായിരുന്നു. 2021-22 വർഷത്തിൽ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആചരിച്ചിരുന്നു.
ഏപ്രിൽ 17 ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സൈ്വക കുവൈത്ത് ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹത്തിനുള്ളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും അംബാസഡർ സൈ്വക അദ്ദേഹത്തോട് വിശദീകരിച്ചു.